റാഞ്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾക്കിടെ ഝാർഖണ്ഡിൽ കോൺഗ്രസിന് കനത്ത തിരിച്ചടി. സംസ്ഥാനത്തെ ഏക കോൺഗ്രസ് എംപിയായ ഗീത കോഡ ബിജെപിയിൽ ചേർന്നു. തിങ്കളാഴ്ച ബിജെപി. സംസ്ഥാന അധ്യക്ഷൻ ബാബുലാൽ മറാണ്ടിയുടെ സാന്നിധ്യത്തിലാണ് ഗീത കോഡ ബിജെപി. അംഗത്വമെടുത്തത്.

കോൺഗ്രസുമായുള്ള തിരഞ്ഞെടുപ്പ് ചർച്ചകളിലെ അതൃപ്തിയാണ് ഗീത പാർട്ടി വിടാനുള്ള തീരുമാനത്തിന് പിന്നിലെന്നാണ് വിവരം. ലോക്സഭ തിരഞ്ഞെടുപ്പ് വരാനിരിക്കെ ഗോത്രവിഭാഗത്തിന് ഭൂരിപക്ഷമുള്ള സംസ്ഥാനത്തെ ഏക എംപിയുടെ പിന്മാറ്റം കോൺഗ്രസിന് തിരിച്ചടിയാകും.

ജാർഖണ്ഡ് മുന്മുഖ്യമന്ത്രി മധു കോഡയുടെ ഭാര്യയാണ് ഗീത നിലവിൽ വെസ്റ്റ് സിങ്ഭും ജില്ലയിലെ ചൈബാസയിൽ നിന്നുള്ള എംപിയാണ്. ഝാർഖണ്ഡിലെ ഗോത്രവർഗ്ഗ സംവരണ സീറ്റാണിത്. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 72,000-ത്തിൽ അധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഗീത കോഡ ബിജെപി സ്ഥാനാർത്ഥിയെ തോൽപ്പിച്ചത്.

ഗന്നത്പുർ നിയോജക മണ്ഡലത്തിൽനിന്ന് രണ്ടുപ്രാവശ്യം എംഎ‍ൽഎ. ആയിട്ടുണ്ട് ഗീത. മധു കോഡ 2009-ൽ സ്ഥാപിച്ച ജെ.ബി.എസ്. പാർട്ടി അംഗമായിരുന്നു ഗീത. 2009-ൽ ഝാർഖണ്ഡിൽ നിന്ന് വിജയിച്ച ഏക ജെ.ബി.എസ്. എംഎ‍ൽഎയും ഗീതയായിരുന്നു. 2018-ലാണ് ജെ.ബി.എസ്. കോൺഗ്രസുമായി ലയിച്ചത്.