ന്യൂഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പ് തീയതി ഉടൻ പ്രഖ്യാപിക്കാനിരിക്കെ ഡൽഹിയിലെ നാല് സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി. ഡൽഹി മുഖ്യമന്ത്രിയും പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിന്റെ അധ്യക്ഷതയിൽ ചേർന്ന രാഷ്ട്രീയ കാര്യ സമിതി യോഗത്തിന് ശേഷമാണ് പേരുകൾ പ്രഖ്യാപിച്ചത്. ഹരിയാനയിലെ ഒരു സ്ഥാനാർത്ഥിയെയും പ്രഖ്യാപിച്ചിട്ടുണ്ട്.

ന്യൂഡൽഹി നിയോജക മണ്ഡലത്തിൽ നിന്ന് ഡൽഹി ജൽ ബോർഡ് വൈസ് ചെയർമാൻ കൂടിയായ സോമനാഥ് ഭാരതി ലോക്‌സഭയിലേക്ക് മത്സരിക്കും. കോണ്ട്ലി എംഎ‍ൽഎ കുൽദീപ് കുമാർ ഈസ്റ്റ് ഡൽഹിയിൽ നിന്നും സാഹിറാം പെഹൽവാൻ സൗത്ത് ഡൽഹിയിൽ നിന്നും മത്സരിക്കും. വെസ്റ്റ് ഡൽഹി ലോക്സഭാ മണ്ഡലത്തിൽ നിന്ന് മുൻ എംപി മഹാബൽ മിശ്രയാണ് മത്സരിക്കുന്നത്. മുൻ രാജ്യസഭാ എംപി സുശീൽ ഗുപ്തയെ ഹരിയാനയിലെ കുരുക്ഷേത്രയിൽ സ്ഥാനാർത്ഥിയായും പ്രഖ്യാപിച്ചു.

ബിജെപിക്കെതിരെ ഡൽഹി, ഗുജറാത്ത്, ഗോവ, ഹരിയാന, ചണ്ഡിഗഢ് എന്നിവിടങ്ങളിൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും ലോക്‌സഭ തെരഞ്ഞെടുപ്പ് സഖ്യം ഔപചാരികമായി പ്രഖ്യാപിച്ചിരുന്നു. ഡൽഹിയിൽ എ.എ.പി നാല് സീറ്റിലും കോൺഗ്രസ് മൂന്ന് സീറ്റിലും മത്സരിക്കുമെന്ന് നേരത്തെ ധാരണയായിരുന്നു. ചാന്ദ്‌നി ചൗക്, നോർത്ത് ഈസ്റ്റ് ഡൽഹി, നോർത്ത് വെസ്റ്റ് ഡൽഹി സീറ്റുകളാിലാണ് കോൺഗ്രസ് മത്സരിക്കുക.

ഗുജറാത്തിൽ ഭറൂച്ച്, ഭാവ്‌നഗർ സീറ്റുകളിൽ എ.എ.പി മത്സരിക്കും. ബാക്കി 24 സീറ്റുകളിൽ കോൺഗ്രസ്. ഹരിയാനയിൽ കുരുക്ഷേത്ര സീറ്റ് ഒഴികെ മറ്റ് ഒമ്പത് സീറ്റുകളും കോൺഗ്രസിനാണ്. ഗോവയിലെ രണ്ട് ലോക്‌സഭ സീറ്റുകളിലും കോൺഗ്രസ് മത്സരിക്കും. ചണ്ഡിഗഢിലെ ഏക സീറ്റും കോൺഗ്രസിനാണ്. ആസാമിലെ മൂന്ന് സ്ഥാനാർത്ഥികളെയും ഗുജറാത്തിലെ രണ്ട് സ്ഥാനാർത്ഥികളെയും എ.എ.പി നേരത്തെ പ്രഖ്യാപിച്ചിരുന്നു.