ഹൈദരാബാദ്: റോഡ് നിയമം ലംഘിച്ച് ആഡംബര കാറിലെ യാത്ര തടഞ്ഞതിന് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനുമായി കലഹിച്ച് തെലുങ്ക് നടി സൗമ്യ ജാനു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും നിയമം ലംഘിച്ചതിനും താരത്തിനെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ 24ന് രാത്രി എട്ടിന് ഹൈദരാബാദിലെ ബഞ്ജാര ഹിൽസിലായിരുന്നു കേസിനാസ്പദമായ സംഭവം.

തന്റെ ആഡംബര കാറിൽ സ്വയം ഡ്രൈവ് ചെയ്യുമ്പോഴാണു നിയമം തെറ്റിച്ച് വൺവേ റോഡിലൂടെ കടന്നുപോകാൻ താരം ശ്രമിച്ചത്. ഇതേതുടർന്ന് പൊലീസ് തടഞ്ഞു. അത്യാവശ്യമായി പോകണമെന്ന് പറഞ്ഞു നടി അലറുകയും ഉദ്യോഗസ്ഥനെ അധിക്ഷേപിക്കുകയായിരുന്നു. താരത്തിന്റെ അധിക്ഷേപം ഉദ്യോഗസ്ഥൻ ചിത്രീകരിക്കുന്നത് തടയാനും ശ്രമമുണ്ടായി. ഇതുകണ്ട് ഓടിക്കൂടിയവർ താരത്തെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും, തുടർന്നും അധിക്ഷേപിക്കുന്നത് ഉദ്യോഗസ്ഥൻ പകർത്തിയ ദൃശ്യത്തിലുണ്ട്. അത്യാവശ്യ ജോലിയുണ്ടെന്നു പറഞ്ഞാണ്, തെറ്റു സമ്മതിക്കാതെ ഉദ്യോഗസ്ഥനുമായി തർക്കത്തിലേർപ്പെട്ടത്.

സംഭവത്തിനു പിന്നാലെ താരത്തിനെതിരെ വിഡിയോ ദൃശ്യങ്ങൾ സഹിതം പൊലീസ് ഉദ്യോഗസ്ഥൻ പരാതി നൽകി. പൊലീസ് ചോദ്യം ചെയ്തിട്ടില്ലെന്നും ഉദ്യോഗസ്ഥനെതിരെ പരാതി നൽകുമെന്ന് പറഞ്ഞ് സൗമ്യയും രംഗത്തെത്തി.സൗമ്യയെ പൊലീസുകാരൻ തടഞ്ഞുവെന്നും അതെ തുടർന്നുണ്ടായ വാക്കുതർക്കമുണ്ടായെന്നും തെലുങ്ക് പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

തെറ്റായ ദിശയിലൂടെ വണ്ടിയെടുത്ത സൗമ്യയോട് പൊലീസ് വണ്ടി നിർത്താൻ ആവശ്യപ്പെട്ടു. ക്ഷുഭിതയായ സൗമ്യ കാറിൽ നിന്നിറങ്ങുകയും പൊലീസിനെ കയ്യേറ്റം ചെയ്യുകയുമായിരുന്നു. ചുറ്റും കൂടിയ ജനക്കൂട്ടം നടിയെ ശാന്തയാക്കാൻ ശ്രമിച്ചുവെങ്കിലും വഴങ്ങിയില്ല. കാർ തെറ്റായ ദിശയിലാണെന്ന് വന്നതെന്ന് നടി സമ്മതിക്കുന്നയായി ദൃശ്യങ്ങളുണ്ട്. എന്നാൽ ജോലിസംബന്ധമായി തനിക്ക് അത്യാവശ്യമായി ഒരിടംവരെ പോകാനുണ്ടെന്നും അതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും ന്യായീകരിക്കുന്നു. ട്രാഫിക് നിയമം തെറ്റിച്ചതിനും കയ്യേറ്റം ചെയ്തതിനും നടിക്കെതിരേ ഡ്യൂട്ടിയിലുണ്ടായിരുന്ന ഇദ്യോഗസ്ഥൻ പരാതി നൽകിയിട്ടുണ്ട്.