ലഖ്‌നൗ: പശുവിനെ പിറ്റ്ബുൾ നായ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ഉത്തർപ്രദേശിൽ നിന്നുള്ള ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യുപിയിലെ സർസയിയ ഘട്ടിനു സമീപത്താണ് സംഭവം നടന്നത്.

ഉടമസ്ഥനൊപ്പമെത്തിയ പിറ്റ്ബുൾ പശുവിനരികിലേക്ക് ഓടിയെത്തി അതിന്റെ താടിയിൽ കടിച്ചു കുടയുകയായിരുന്നു. നായയെ വിടുവിക്കാൻ ഉടമസ്ഥൻ കിണഞ്ഞു ശ്രമിച്ചെങ്കിലും രക്ഷയുണ്ടായില്ല. ഒടുവിൽ നാട്ടുകാർ സംഭവ സ്ഥലത്തേക്ക് ഓടിയെത്തി വടി കൊണ്ടടിച്ചതോടെയാണു പിറ്റ്ബുൾ കടിവിട്ടത്.

അക്രമ സംഭവങ്ങളുടെ പേരിൽ ശ്രദ്ധ നേടിയിട്ടുള്ള നായയാണ് പിറ്റ്ബുൾ. സർസയിയ ഘട്ട് പരിസരത്ത് നാല് പിറ്റ്ബുൾ നായകളുണ്ടെന്ന് അധികൃതർ പറയുന്നു. അതിനാൽ കുട്ടികൾ, വളർത്തു മൃ?ഗങ്ങളടക്കമുള്ളവ ആക്രമിക്കപ്പെടുമെന്ന ആശങ്കയും പ്രദേശവാസികൾക്കുണ്ട്.

ലഖ്‌നൗവിൽ അടുത്തിടെ ഒരു വയോധികയെ പിറ്റ്ബുൾ കടിച്ചു കൊന്നിരുന്നു. ഗസ്സിയാബാദിൽ 11 വയസുള്ള കുട്ടിയുടെ മുഖം പിറ്റ്ബുൾ കടിച്ചുമുറിച്ച സംഭവവും റിപ്പോർട്ട് ചെയ്തിരുന്നു. 150ലേറെ തുന്നിക്കെട്ടുകളാണ് കുട്ടിക്ക് വേണ്ടി വന്നത്. ആക്രമണങ്ങൾ പതിവായതിനാൽ മേഖലയിൽ പിറ്റ്ബുളിനെ വളർത്താൻ ലൈസൻസ് നിർബന്ധമാക്കിയിട്ടുണ്ട്.