ബംഗളൂരു: രാഹുൽ ഗാന്ധിയുടെ പക്വതയില്ലായ്മ മൂലമാണ് നേതാക്കൾ ഇന്ത്യ മുന്നണി വിടുന്നതെന്നും ബിജെപി അല്ല അതിന് കാരണമെന്നും കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഇന്ത്യ സഖ്യത്തിൽ നിന്ന് നേതാക്കൾ ഓരോരുത്തരായി പോകുന്നത് രാഹുൽ ഗാന്ധിയുടെ പക്വത ഇല്ലായ്മ മൂലമാണ്. ബിജെപിക്ക് ഇന്ത്യ നേതാക്കളുടെ പൊഴിഞ്ഞ് പോക്കുമായി ബന്ധമില്ല'- പ്രഹ്ലാദ് ജോഷി പറഞ്ഞു. രാഹുൽ ഗാന്ധിയെ ആരും വിശ്വസിക്കുന്നില്ല. ഇന്ത്യ മുന്നണി അവസരവാദികളുടെ കൂട്ടമാണെന്ന് നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് ഇതുവരെ ഒന്നും നേടാത്തത്. വരും ദിവസങ്ങളിലും നേട്ടമുണ്ടാക്കാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിനും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കും ഇടയിലുള്ള പ്രശ്‌നത്തിന് കാരണം ബിജെപി അല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബിജെപി പ്രവർത്തകർ ബംഗാളിൽ മമത കാരണം പ്രതിസന്ധി നേരിടുന്നുണ്ടെന്നും പിന്നെ എങ്ങനെയാണ് മമത ഇന്ത്യ മുന്നണിയിൽ നിന്ന് പുറത്തുപോകാൻ വേണ്ടി ബിജെപി ഗൂഢാലോചന നടത്തുന്നതെന്നും അദ്ദേഹം ചോദിച്ചു.