മുംബൈ: ബോളിവുഡ് സിനിമകൾ ചെയ്യില്ലെന്ന് തെന്നിന്ത്യൻ താരം റിഷബ് ഷെട്ടി.കന്നഡ സിനിമകൾ ചെയ്യാനാണ് താൻ താൽപ്പര്യപ്പെടുന്നതെന്നും കന്നഡക്കാരനായതിൽ അഭിമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. കന്നഡ സിനിമാ ഇൻഡസ്ട്രിയും പ്രേക്ഷകരും കാരണമാണ് താനിന്ന് ഇവിടെ നിൽക്കുന്നത്. ഒരു സിനിമ ഹിറ്റായതുകൊണ്ട് തന്റെ കുടുംബവും സുഹൃത്തുക്കളും മാറില്ല. വേര് കന്നഡ സിനിമയുമായി ബന്ധപ്പെട്ടിരിക്കുന്നു, 'അദ്ദേഹം ബോളിവുഡ് ബബിളിനോട് പ്രതികരിച്ചു.

'കൂടുതൽ പ്രാദേശികമായത് സാർവത്രികമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ആളുകൾക്ക് എന്റെ സിനിമയുടെ ഉള്ളടക്കം ഇഷ്ടപ്പെട്ടാൽ, ഞാൻ അത് ബോളിവുഡിൽ അവതരിപ്പിക്കും. അല്ലാത്തപക്ഷം ഞാൻ അത് കർണാടകയിൽ റിലീസ് ചെയ്യും. ഒരു പാൻഇന്ത്യൻ സിനിമയാക്കാനുള്ള ആലോചനയിലല്ല ഞാൻ കാന്താരയെ നിർമ്മിച്ചത്. സിനിമ രാജ്യത്തുടനീളം അതിന്റെ സ്ഥാനം കണ്ടെത്തി, അത് എങ്ങനെ സംഭവിച്ചുവെന്ന് ഞങ്ങൾക്ക് അറിയില്ല. കാന്താര പാൻ ഇന്ത്യൻ ഹിറ്റ് ആയതുകൊണ്ട് ഇനി വരുന്ന സിനിമകളിൽ അതേ രീതിയിൽ ചെയ്യണമെന്ന് ഞാൻ കരുതുന്നില്ല.

എന്റെ പ്രദേശത്തിന്റെ കഥയാണ് ഞാൻ പറയാൻ പോകുന്നത്. അതെന്നെ കൂടുതൽ ശക്തമാക്കും' റിഷബ് ഷെട്ടി കൂട്ടിച്ചേർത്തു.റിഷബ് ഷെട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ദ്യശ്യ മികവ് കൊണ്ടും അഭിനയവും കഥയും കൊണ്ടും കന്നഡ സിനിമയിൽ വലിയ ചലനം ഉണ്ടാക്കാൻ കാന്താരയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഈയടുത്തിറങ്ങിയ 'കെജിഎഫ് 2'വിന്റെ സ്വീകാര്യതയെ അട്ടിമറിച്ചുകൊണ്ടാണ് കാന്താര വിജയം നേടിയത്. 350 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ ഇതുവരെയുള്ള കളക്ഷൻ.

മലയാളത്തിൽ കാന്താര എത്തിച്ചിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ്.സെപ്റ്റംബർ 30 ന് കാന്താര റിലീസ് ചെയ്തത്. 19ാം നൂറ്റാണ്ട് പശ്ചാത്തലമാക്കുന്ന ചിത്രത്തിന്റെ കഥ നടക്കുന്നത് കുന്താപുരയിലാണ്. ഹൊംബാലെയുടെ ബാനറിൽ വിജയ് കിരഗണ്ഡൂർ നിർമ്മിച്ച ചിത്രത്തിൽ സപ്!തമി ഗൗഡ, കിഷോർ, അച്യുത് കുമാർ, പ്രമോദ് ഷെട്ടി, ഷനിൽ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീർ, നവീൻ ഡി പടീൽ, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രൻ ഷെട്ടി, പുഷ്പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.