ചെന്നൈ: വനിതാ മാധ്യമപ്രവർത്തകരെ അപകീർത്തിപ്പെടുത്തിയ കേസിൽ നടനും ബിജെപി നേതാവുമായ എസ് വി ശേഖറിന് ചെന്നൈ പ്രത്യേക കോടതി ഒരു മാസം തടവും 15,000 രൂപ പിഴയും വിധിച്ചു. ശിക്ഷയ്ക്കെതിരെ മദ്രാസ് ഹൈക്കോടതിയിൽ അപ്പീൽ നൽകാനുള്ള അപേക്ഷ പ്രത്യേക കോടതി ജഡ്ജി അനുവദിച്ചു. പിഴ ഈടാക്കിയ ശേഷം ശേഷം അപ്പീൽ പരിഗണിച്ച് ശിക്ഷ താത്കാലികമായി സ്റ്റേ ചെയ്തു.

നേരത്തെ കേസ് കെട്ടിച്ചമച്ചതാണെന്ന അവകാശവാദവുമായി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. മുൻ എം എൽ എ കൂടിയായ ശേഖറന്റെ അപേക്ഷ അന്ന് ഹൈക്കോടതി മധുര ബെഞ്ച് പരിഗണിക്കാൻ കൂട്ടാക്കിയില്ല. വാളിൽ ഷെയർ ചെയ്യുന്ന കാര്യങ്ങളുടെ ഉത്തരവാദിത്തം അവരവർക്കുണ്ടെന്ന് കോടതി പറഞ്ഞു.

2018-ലാണ് ശേഖർ തന്റെ ഫേസ്‌ബുക്ക് പേജിൽ വനിതാ മാധ്യമപ്രവർത്തകരെ അപകീർത്തിപ്പെടുത്തുന്ന കമന്റ് ഷെയർ ചെയ്തത്. അന്നത്തെ തമിഴ്‌നാട് ഗവർണർ ബൻവാരി ലാൽ പുരോഹിത് വനിതാ മാധ്യമ പ്രവർത്തകയുടെ കവിളിൽ തലോടിയ സംവഭത്തെ തുടന്നുള്ള പ്രക്ഷോഭത്തിനിടെയാണ് ഇത്.

തമിഴ് നാട്ടിലെ മാധ്യമ പ്രവർത്തകർ നിലവാരമില്ലാത്തവരാണ്. അവർക്ക് തൊഴിൽ ലഭിക്കുന്നത് കിടക്ക പങ്കിട്ടാണ് തുടങ്ങിയ പോസ്റ്റിലെ പ്രയോഗങ്ങൾ വൻ പ്രതിഷേധം ഉയർത്തി. ഗവർണറെയും നരേന്ദ്ര മോദിയെയും അപകീർത്തിപ്പെടുത്താൻ ലക്ഷ്യം വച്ചാണ് കവിളിൽ തലോടിയ സംഭവം വിവാദമാക്കിയത് എന്ന് ആരോപിച്ചുള്ള സുഹൃത്തിന്റെ പോസ്റ്റ് ശേഖർ ഷെയർ ചെയ്യുകയായിരുന്നു. ''മധുര യൂണിവേഴ്സിറ്റ് കേസ്, ഗവർണറും കന്യകയുടെ കവിളും'' എന്ന തലക്കെട്ടിലാണ് പോസ്റ്റ് പ്രചരിപ്പിച്ചത്.

ശക്തമായ പ്രതിഷേധത്തിനിടെ തമിഴ്‌നാട് ജേർണലിസ്റ്റ് പ്രൊട്ടക്ഷൻ അസോസിയേഷൻ ചെന്നൈ സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ സൈബർ ക്രൈം സെല്ലിൽ പരാതി നൽകി. ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും സ്ത്രീകളോടുള്ള ക്രൂരത തടയൽ നിയമപ്രകാരവും ശേഖറിനെതിരേ കേസെടുത്തു.

2019-ൽ ചെന്നൈ ജില്ലാ കലക്ടറേറ്റിലെ എംപിമാർക്കും എംഎൽഎമാർക്കും എതിരായ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പരാതിയിലെ ആരോപണങ്ങൾ സംശയാതീതമായി തെളിയിക്കപ്പെട്ടതായി കോടതി കണ്ടെത്തി. ശേഖർ കുറ്റക്കാരനാണെന്നും പ്രത്യേക കോതടി ജഡ്ജി ജി ജയവേൽ വ്യക്തമാക്കി. ഇതേത്തുടർന്നാണ് ഒരു മാസത്തെ തടവും 15,000 രൂപ പിഴയും വിധിച്ചത്.