ജയ്പൂർ: രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി പരസ്യ പോരിനിറങ്ങി കോൺഗ്രസിൽ കലാപക്കൊടി ഉയർത്തിയ സച്ചിൻ പൈലറ്റിനെ അനുനയിപ്പിക്കാൻ നീക്കവുമായി കോൺഗ്രസ് നേതൃത്വം. കോൺഗ്രസ് പ്രവർത്തക സമിതിയിലെ അംഗത്വം വാഗ്ദാനം ചെയ്താണ് നേതാക്കൾ രംഗത്ത് വന്നത്. തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കവെ പാർട്ടിയെ പ്രതിസന്ധിയിലാക്കരുതെന്നും നേതൃത്വം ആവശ്യപ്പെട്ടു.

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം നടക്കുന്ന പ്രവർത്തക സമിതി പുനഃസംഘടനയിൽ അംഗമാക്കി പാർട്ടിയിൽ സുപ്രധാന റോൾ നൽകാമെന്നാണ് നേതാക്കൾ സച്ചിൻ പൈലറ്റിനെ അറിയിച്ചത്. രാജ്യത്തെ മൂന്നു സംസ്ഥാനങ്ങളിൽ മാത്രമാണ് കോൺഗ്രസ് ഭരണമുള്ളത് . ഏറ്റവും വലിയ സംസ്ഥാനമായ രാജസ്ഥാനിൽ കോൺഗ്രസിന് ഭരണതുടർച്ച ഉറപ്പു വരുത്തേണ്ടത് സച്ചിൻ പൈലറ്റിന്റെ കൂടി ഉത്തരവാദിത്വമാന്നെന്നു നേതാക്കളായ കെ.സി വേണുഗോപാലും കമൽനാഥും സച്ചിനെ ബോധ്യപ്പെടുത്തി.

ഏതെങ്കിലും സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി പദം നൽകി സമിതിയിലുൾപ്പെടുത്താനാണ് ആലോചനയെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു. എന്നാൽ, സ്വന്തം സംസ്ഥാനമായ രാജസ്ഥാനിലെ രാഷ്ട്രീയത്തിൽ തുടർന്നും പ്രവർത്തിക്കാനാണു സച്ചിനു താൽപര്യം. രാജസ്ഥാനിൽ സ്വന്തം നിലയിൽ കരുത്താർജിച്ച ശേഷം മതി ദേശീയതലത്തിലെ ചുമതലകളെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

സ്വന്തം സംസ്ഥാനങ്ങളിൽ കരുത്തുള്ള ഗെലോട്ട് (രാജസ്ഥാൻ), ഭൂപീന്ദർ സിങ് ഹൂഡ (ഹരിയാന), കമൽനാഥ് (മധ്യപ്രദേശ്) എന്നിവർ അതിന്റെ ബലത്തിൽ ദേശീയ നേതൃത്വത്തിലടക്കം ചെലുത്തുന്ന സ്വാധീനമാണ് സച്ചിനും മാതൃകയാക്കുന്നത്. സ്വന്തം സംസ്ഥാനത്ത് കരുത്തില്ലാതെ ദേശീയ നേതൃത്വത്തിലെ പദവി ഏറ്റെടുത്താൽ അതിൽ നിന്ന് എപ്പോൾ വേണമെങ്കിലും ഒഴിവാക്കപ്പെടാമെന്നും അദ്ദേഹം കണക്കുകൂട്ടുന്നു. പാർട്ടി നേതൃത്വം ദേശീയ പദവി മുൻപ് സച്ചിനു വച്ചുനീട്ടിയതാണെങ്കിലും അദ്ദേഹം നിരസിച്ചിരുന്നു.

ബിജെപി മന്ത്രിസഭയുടെ കാലത്തെ അഴിമതിയെക്കുറിച്ചുള്ള അന്വേഷണമാണ് താൻ ആവശ്യപ്പെട്ടതെന്നും സംസ്ഥാന സർക്കാരിനെതിരെ ഒരു വാക്ക് പോലും ഇതുവരെ ഉരിയാടിയിട്ടില്ലെന്നും സച്ചിൻ പൈലറ്റ് അറിയിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പി.സി.സി അധ്യക്ഷനായിരുന്ന സച്ചിന്റെ നേതൃത്വത്തിലാണ് വിജയിച്ചത്. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനായി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന ഹൈക്കമാൻഡ് നിർദ്ദേശം ഉണ്ടായിരുന്നിട്ട് പോലും അംഗീകരിക്കാതിരുന്ന അശോക് ഗെഹ്ലോട്ട് ആണ് പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതെന്നാണ് സച്ചിന്റെ പക്ഷം.

രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ ഗെഹ്ലോട്ടിനെ മുൻനിർത്തി നേരിടാനാണ് കോൺഗ്രസ് തീരുമാനം. പ്രവർത്തക സമിതിയിൽ അംഗമാകുന്നതോടെ രാജസ്ഥാൻ പോരാട്ടത്തിലും നിർണായക തീരുമാനമെടുക്കാൻ സച്ചിന് അവസരം ഉണ്ടാകുമെന്നാണ് നേതാക്കൾ അദ്ദേഹത്തെ ബോധ്യപ്പെടുത്തിയത്.

ഈ വർഷമവസാനം രാജസ്ഥാനിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, സച്ചിനെ പിണക്കാതെ ഒപ്പം നിർത്താനാണ് ഹൈക്കമാൻഡിന്റെ തീരുമാനം. ബിജെപിയിലേക്കോ മറ്റു പാർട്ടികളിലേക്കോ സച്ചിൻ പോകുമെന്നു നേതൃത്വം കരുതുന്നില്ല. സ്വന്തം പാർട്ടി രൂപീകരിക്കാനുള്ള സാധ്യതയും വിദൂരമാണ്. അതേസമയം, സച്ചിനെ ഏതുവിധേനയും വെട്ടിനിരത്താനുള്ള തീവ്രശ്രമത്തിലാണു ഗെലോട്ട്. ദേശീയ നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് തനിക്കെതിരെ നിരാഹാര സമരം നടത്തിയത് കടുത്ത അച്ചടക്ക ലംഘനമാണെന്നും സച്ചിനെതിരെ നടപടി വേണമെന്നുമാണു ഗെലോട്ടിന്റെ ആവശ്യം.