ന്യൂഡൽഹി: സ്വവർഗവിവാഹങ്ങൾക്ക് നിയപരമായ അംഗീകാരം തേടിയുള്ള ഹർജികൾ പരിഗണിക്കാൻ സുപ്രീംകോടതി ഭരണഘടനാബെഞ്ച് രൂപീകരിച്ചു. ചീഫ്ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗബെഞ്ചിൽ ജസ്റ്റിസുമാരായ സഞ്ജയ്കിഷൻകൗൾ, എസ് രവീന്ദ്രഭട്ട്, പി എസ് നരസിംഹ, ഹിമാകോഹ്ലി എന്നിവരാണ് മറ്റംഗങ്ങൾ.

മാർച്ച് 13ന് ചീഫ്ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗബെഞ്ച് ഹർജികൾ ഭരണഘടനാബെഞ്ചിന് വിടുകയായിരുന്നു. സ്വവർഗവിവാഹങ്ങൾക്കും സ്പെഷ്യൽ മാര്യേജ് ആക്റ്റ് ഉൾപ്പടെയുള്ള നിയമങ്ങൾ പ്രകാരം അംഗീകാരം നൽകണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. എന്നാൽ, കേന്ദ്രസർക്കാർ ഈ ആവശ്യത്തെ ശക്തമായി എതിർത്തിരുന്നു.

നിയമത്തിന് മുന്നിൽ തുല്യത ഉൾപ്പടെയുള്ള അവകാശങ്ങൾ ഉൾപ്പെടുന്ന വിഷയമായതിനാൽ ഭരണഘടനാബെഞ്ച് ഹർജികൾ പരിഗണിക്കുന്നതാകും ഉചിതമെന്ന് മൂന്നംഗബെഞ്ച് നിലപാടെടുക്കുകയായിരുന്നു.