മുംബൈ: പൊതുതെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാൻ ലക്ഷ്യമിട്ട് ബിജെപി രാജ്യത്ത് കലാപങ്ങൾക്ക് പദ്ധതിയിടുന്നുവെന്ന ആരോപണവുമായി ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) എംപി സഞ്ജയ് റാവത്ത്. ഇന്ത്യയിലുടനീളം കലാപങ്ങൾക്ക് തുടക്കമിടാൻ ഒരു വിഭാഗത്തെ ബിജെപി രൂപീകരിച്ചിട്ടുണ്ടെന്നും സഞ്ജയ് റാവത്ത് ആരോപിച്ചു. 2024ലെ തെരഞ്ഞെടുപ്പ് വരെ രാജ്യത്ത് കലാപം ഉണ്ടാക്കാനും കലാപത്തിന്റെ മറവിൽ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാനും ഗൂഢാലോചന നടക്കുന്നുണ്ടെന്നുമാണ് റാവത്ത് മുംബൈയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞത്.. അദാനി വിഷയം ശിവസേന (യു.ബി.ടി) ഉപേക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ആരാണ് കലാപകാരികൾ എന്നും രാജ്യത്ത് നടക്കുന്ന കലാപങ്ങൾക്ക് പിന്നിൽ ആരാണെന്നും എല്ലാവർക്കും അറിയാം. ഹൂബ്ലിയിൽ കഴിഞ്ഞ ദിവസം നടന്ന കലാപം ആരാണ് ആസൂത്രണം ചെയ്തത്?. ഹൗറയിലെ കലാപം ആരാണ് ഉണ്ടാക്കിയത്?. ആരാണ് മഹാരാഷ്ട്രയിൽ കലാപം ഉണ്ടാക്കിയത്. ഭാരതീയ ജനതാ പാർട്ടി പുതിയൊരു വിഭാഗം രൂപീകരിച്ചു. ഈ ചിറകിലൂടെയാണ് കലാപങ്ങൾ സൃഷ്ടിക്കപ്പെട്ടത്. 2024ലെ തെരഞ്ഞെടുപ്പിന് മുമ്പ് രാജ്യത്ത് കലാപം പൊട്ടിപ്പുറപ്പെടുകയും പിന്നീട് തെരഞ്ഞെടുപ്പിനെ നേരിടുകയോ മാറ്റിവെക്കുകയോ ചെയ്യുക എന്നതാണ് അവരുടെ നയമെന്ന് തോന്നുന്നു' -അദ്ദേഹം പറഞ്ഞു.

ബംഗാളിലെ ആക്രമണങ്ങൾ ബിജെപി സ്‌പോൺസർ ചെയ്തതാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നേടുക മാത്രമാണ് അവരുടെ ലക്ഷ്യം. ചില സീറ്റുകൾ ലക്ഷ്യം വച്ചിട്ടുണ്ട്. രാമനവമി അക്രമത്തിന് കാരണമാകുമോ? എന്നാൽ ഇത് പലപ്പോഴും സംഭവിക്കാറുണ്ട്. തിരഞ്ഞെടുപ്പ് നടക്കുന്നതോ ബിജെപി സർക്കാർ ഇല്ലാത്തതോ ആയ സംസ്ഥാനങ്ങളിൽ മാത്രമാണ് ഇത് നടക്കുന്നത്.

മഹാരാഷ്ട്രയിൽ ഷിൻഡേ-ബിജെപി സർക്കാർ വളരെ ദുർബലമാണ്. അതു കൊണ്ടാണ് ഇവിടെ കലാപം പടച്ചുവിട്ടത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിൽ നിന്നു പുറത്താക്കപ്പെടുമെന്ന ഭയമാണ് ഇതിന് കാരണമെന്നും സഞ്ജയ് റാവത് ആരോപിച്ചു. ബിജെപി തെരഞ്ഞെടുപ്പ് പാരാജയം ഭയക്കുന്നിടങ്ങളിലും ബിജെപി സർക്കാർ പ്രതിസന്ധിയിലാവുന്നിടത്തും സംഘർഷങ്ങൾ ഉണ്ടാവുമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.