മുംബൈ: രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) നാളെ മുതൽ അടിസ്ഥാന നിരക്കും ബെഞ്ച്മാർക്ക് പ്രൈം ലെൻഡിങ് നിരക്കും (ബിപിഎൽആർ) ഉയർത്തും. ഇതോടെ വിവിധ വായ്പകൾക്ക് മുകളിലുള്ള ഇഎംഐ നിരക്കുകൾ ഉയരും.

ബിപിഎൽആർ 70 ബേസിസ് പോയിന്റുകൾ അല്ലെങ്കിൽ 0.7 ശതമാനം മുതൽ 14.85 ശതമാനം വരെ വർദ്ധിപ്പിക്കും. നിലവിലെ ബിപിഎൽആർ നിരക്ക് 14.15 ശതമാനമാണ്. 2022 ഡിസംബറിലാണ് അവസാനമായി ബിപിഎൽആർ നിരക്ക് പരിഷ്‌കരിച്ചിരുന്നത്. നാളെ മുതൽ അടിസ്ഥാന വായ്പ നിരക്ക് എസ്‌ബിഐ 10.10 ശതമാനമായി ഉയർത്തും.

അടിസ്ഥാന നിരക്കിൽ വായ്പ എടുത്തിട്ടുള്ളവരുടെ ഇഎംഐ തുക ഉയരും.ഇതോടെ കുടുംബ ബഡ്ജറ്റ് വരെ താളം തെറ്റിയേക്കും.ബാഹ്യ ബെഞ്ച്മാർക്ക് അടിസ്ഥാനമാക്കിയുള്ള വായ്പാ നിരക്ക് (ഇബിഎൽആർ) അല്ലെങ്കിൽ റിപ്പോ-ലിങ്ക്ഡ് ലെൻഡിങ് റേറ്റ് (ആർഎൽഎൽആർ) അടിസ്ഥാനമാക്കിയാണ് ബാങ്കുകൾ വായ്പ നൽകുക. റിപോ നിരക്കുകൾ ഉയര്ന്നതോടുകൂടി ബാങ്കുകൾ പലിശ നിരക്കുകൾ ഉയർത്തിയിട്ടുണ്ട്.

അതേസമയം പണപ്പെരുപ്പം തടയാൻ വീണ്ടും ആർബിഐ പലിശ നിരക്കുകൾ ഉയർത്തിയേക്കും.ഏപ്രിൽ 6 ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) മോണിറ്ററി പോളിസി മീറ്റിംഗിന് ആഴ്ചകൾക്ക് മുമ്പാണ് ബെഞ്ച്മാർക്ക് വായ്പാ നിരക്കുകളിലെ വർദ്ധനവ്. ആർബിഐ മോണിറ്ററി പോളിസി കമ്മിറ്റി ഏപ്രിലിൽ 25 ബേസിസ് പോയിന്റ് നിരക്ക് വർധിപ്പിക്കാൻ സാധ്യതയുണ്ട്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമുള്ള ഇടപാടുകളിൽ എസ്‌ബിഐ ഓഹരികൾ 1.10 ശതമാനം ഇടിഞ്ഞ് 523.85 രൂപ എന്ന നിരക്കിലാണ് എൻഎസ്ഇയിൽ വ്യാപാരം നടക്കുന്നത്.