ബെംഗളൂരു: മൈസുരു അര്‍ബന്‍ ഡവലപ്‌മെന്റ് അതോറിറ്റി ഭൂമി ഇടപാടിലെ അഴിമതിക്കേസില്‍ കര്‍ണാടക മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയത് ബിജെപി ഗൂഢാലോചനയുടെ ഭാഗമെന്ന് സിദ്ധരാമയ്യ. ഗവര്‍ണറുടെ നടപടി രാഷ്ട്രീയ പ്രേരിതമാണ്. ഈ നീക്കം പ്രതീക്ഷിച്ചിരുന്നു. പ്രതിപക്ഷം ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും പരീക്ഷിച്ചത് ബിജെപി ഇവിടെയും പരീക്ഷിക്കുന്നു. ഭരണഘടന വിരുദ്ധമായ നടപടിയെ നിയമപരമായി നേരിടാനാണ് തീരുമാനം. അതിന് പാര്‍ട്ടി തനിക്കൊപ്പമുണ്ടെന്നും സിദ്ധരാമയ്യ വിശദീകരിച്ചു.

പാര്‍ട്ടി സിദ്ധരാമയ്യക്കൊപ്പം നില്‍ക്കുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും അറിയിച്ചു. സിദ്ധരാമയ്യക്കെതിരായ നടപടി ഗവര്‍ണറെ ഉപയോഗിച്ചുള്ള ബിജെപിയുടെ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണ്. ഭരണഘടന വിരുദ്ധമായ ഈ നടപടിയിലൂടെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ കഴിയില്ല. സിദ്ധരാമയ്യ രാജിവയ്ക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും പാര്‍ട്ടി അദ്ദേഹത്തിന് ഒപ്പം നിലകൊളളുമെന്നും ശിവകുമാര്‍ വിശദീകരിച്ചു.

മൈസുരു അര്‍ബന്‍ ഡവലപ്‌മെന്റ് അതോറിറ്റി ഭൂമി ഇടപാടിലെ അഴിമതിക്കേസിലാണ് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയത്. മൂന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലാണ് ഗവര്‍ണര്‍ തവര്‍ ചന്ദ് ഗെഹ്‌ലോട്ടിന്റെ നടപടി. മൈസുരു അര്‍ബന്‍ ഡവലപ്‌മെന്റ് അതോറിറ്റി (മുഡ) വഴി സിദ്ധരാമയ്യയുടെ ഭാര്യയായ ബി എന്‍ പാര്‍വതിക്ക് അനധികൃതമായി മൈസുരുവിലെ കണ്ണായ ഭാഗത്ത് 3.17 ഏക്കര്‍ ഭൂമി നല്‍കിയെന്നതാണ് കേസ്.

നേരത്തേ മുഡയ്ക്ക് വേണ്ടി സിദ്ധരാമയ്യയുടെ ഭാര്യ കുടുംബസ്വത്തായി കിട്ടിയ കുറച്ച് ഭൂമി കൈമാറിയിരുന്നു. ഇതിന് പകരമായി അനധികൃതമായി വന്‍തോതില്‍ ഭൂമി കൈമാറ്റം നടത്തിയെന്നതാണ് കേസ്. 1988ലെ അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 17, സെക്ഷന്‍ 218 പ്രകാരമാണ് ?ഗവര്‍ണര്‍ മുഖ്യമന്ത്രിക്കെതിരെ വിചാരണക്ക് അനുമതി നല്‍കിയത്.