ബെംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുറത്താകലിന് വഴിവച്ച വിവാദ ഗോളിന്റെ പേരിൽ സുനിൽ ഛേത്രിക്കും കുടുംബത്തിനും നേരെയുണ്ടായ സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് ഛേത്രിയുടെ ഭാര്യ സോനം ഭട്ടാചാര്യ. ഫുട്‌ബോൾ എത്രയൊക്കെ വികാരങ്ങൾ കൊണ്ടുവന്നാലും ഫൈനൽ വിസിൽ കഴിഞ്ഞാൽ അതിനെല്ലാം മുകളിൽ ദയയാണ് ഉണ്ടാകേണ്ടതെന്നും സോനം ട്വിറ്ററിൽ കുറിച്ചു.

സുനിൽ ഛേത്രിയുടെ വിവാദ ഗോളിനു പിന്നാലെ അദ്ദേഹത്തെയും കുടുംബത്തെയും സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിക്കുകയാണെന്നു പരാതി ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി ഛേത്രിയുടെ ഭാര്യ രംഗത്ത് എത്തിയത്.

ഫുട്‌ബോൾ വൈരത്തിന്റെ ഇടയിൽ നമ്മൾ ദയയും സംസ്‌കാരവും മറന്നതെങ്ങനെയെന്ന് സോനം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. 'ഫുട്‌ബോൾ, ശത്രുത, വൈകാരികത, പിന്തുണ എന്നിവയ്ക്കിടയിൽ പരസ്പരം ദയയോടെയും സംസ്‌കാരത്തോടെയും പെരുമാറാൻ നമ്മൾ എപ്പോഴാണു മറന്നത്?''- സോനം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

''വിദ്വേഷവും വിഷ ചിന്തകളും നിരാശയുമെല്ലാം നിങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉപേക്ഷിച്ച ശേഷം, വീട്ടിൽ പ്രിയപ്പെട്ടവരോടൊപ്പം സമാധാനത്തോടെ ഇരിക്കുകയാണെന്നു ഞാൻ പ്രതീക്ഷിക്കുന്നു. ഒരു കുടുംബത്തെ ഭീഷണിപ്പെടുത്തിയും അധിക്ഷേപിച്ചും നിങ്ങൾക്ക് ആവശ്യമുള്ളതു കിട്ടിയെന്നു പ്രതീക്ഷിക്കാം. ആളുകളെ സ്വാഗതം ചെയ്യുന്ന മനോഹമായൊരു ഇടമാണു കേരളം. എത്രത്തോളം വെറുപ്പുണ്ടാക്കിയാലും ഞാൻ ആ കാഴ്ചപ്പാടിൽനിന്നു മാറില്ല.''

ഐഎസ്എൽ നോക്കൗട്ട് മത്സരത്തിൽ എക്‌സ്ട്രാ ടൈമിൽ സുനിൽ ഛേത്രി നേടിയ ഗോളിലാണ് ബെംഗളൂരു എഫ്‌സി വിജയിച്ചത്. തങ്ങൾ തയാറാകും മുന്നേയാണ് ഛേത്രി കിക്കെടുത്തതെന്ന് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ വാദിച്ചെങ്കിലും റഫറി അംഗീകരിച്ചില്ല. തുടർന്ന് പരിശീലകൻ ഇവാൻ വുക്കൊമാനോവിച് ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ തിരികെ വിളിക്കുകയായിരുന്നു. മത്സരം വീണ്ടും നടത്തണമെന്ന് ബ്ലാസ്റ്റേഴ്‌സ് പരാതി ഉന്നയിച്ചിരുന്നു. എന്നാൽ ഐഎസ്എൽ സംഘാടകർ ഇതും അംഗീകരിച്ചില്ല.