വിശാഖപട്ടണം: വിശാഖപട്ടണം റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിന്റെ മൂന്ന് കോച്ചുകളില്‍ തീപിടുത്തം. കോര്‍ബ - വിശാഖപട്ടണം എക്‌സ്പ്രസിലാണ് (ട്രെയിന്‍ നമ്പര്‍ 18517) തീപിടുത്തമുണ്ടായത്. കോച്ചുകള്‍ ഏതാണ്ട് പൂര്‍ണമായും കത്തിനശിച്ചെങ്കിലും ആളുകളെല്ലാം നേരത്തെ തന്നെ പുറത്തിറങ്ങിയതിനാല്‍ ആര്‍ക്കും ജീവാപായമോ പരിക്കുകളോ സംഭവിച്ചില്ല. തീപിടുത്തത്തിന്റെ കാരണം സംബന്ധിച്ച് റെയില്‍വെ അന്വേഷണം തുടങ്ങി.

ഛത്തീസ്ഡഗഡിലെ കോര്‍ബയില്‍ നിന്ന് ഞായറാഴ്ച രാവിലെ 6.50ന് വിശാഖപട്ടണം സ്റ്റേഷനില്‍ എത്തിയ എത്തിയ ട്രെയിന്‍ നാലാമത്തെ പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. അറ്റകുറ്റപ്പണികള്‍ക്കായി കോച്ചിങ് ഡിപ്പോയിലേക്ക് മാറ്റിയ ശേഷം പിന്നീട് തിരുപ്പതിയിലേക്ക് പോകേണ്ടതായിരുന്നു ഈ ട്രെയിന്‍. യാത്രക്കാരെല്ലാം ഇറങ്ങിയ ശേഷം ജീവനക്കാര്‍ ട്രെയിന്‍ ലോക്ക് ചെയ്യുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു.

പിന്നീട് രാവിലെ 9.20ഓടെയാണ് റെയില്‍വെ സംരക്ഷണ സേനാ ഉദ്യോഗസ്ഥന്‍ ബി7 കോച്ചില്‍ നിന്ന് പുക ഉയരുന്നത് കണ്ടത്. ഉടന്‍ തന്നെ അധികൃതരെയും അഗ്‌നിശമന സേനയെയും വിവരമറിയിച്ചു. എന്നാല്‍ തീ കണ്ടെത്തിയ സമയത്തിനും മുമ്പ് എല്ലാവരും ട്രെയിനില്‍ നിന്ന് ഇറങ്ങിയിരുന്നതായി റെയില്‍വെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബി7 കോച്ചില്‍ നിന്ന് വളരെ വേഗം തൊട്ടടുത്തുള്ള ബി6, എം1 കോച്ചുകളിലേക്ക് കൂടി തീ പടര്‍ന്നുപിടിച്ചു.

ആദ്യം തിപിടിച്ച കോച്ച് പൂര്‍ണമായും മറ്റ് രണ്ട് കോച്ചുകള്‍ ഭാഗികമായും കത്തിനശിച്ചു. നാല് ഫയര്‍ എഞ്ചിന്‍ യൂണിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. വിശാഖപട്ടണം പൊലീസ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. തീകെടുത്താനുള്ള ദൗത്യം ശ്രമകരമായിരുന്നെന്ന് പൊലീസ് കമ്മീഷണര്‍ പ്രതികരിച്ചു. ആന്ധാപ്രദേശ് ആഭ്യന്തര മന്ത്രി ഡിവിഷണല്‍ റെയിവെ മാനേജറുമായി ഫോണില്‍ സംസാരിച്ച് വിവരങ്ങള്‍ ആരാഞ്ഞു.