ന്യൂഡൽഹി: 75ാം രക്തസാക്ഷിത്വ ദിനത്തിൽ മഹാത്മാ ഗാന്ധിക്ക് സ്മരണാഞ്ജലി അർപ്പിച്ച് രാജ്യം. മഹാത്മാ ഗാന്ധിയെ ഹിന്ദുത്വ ഭീകരൻ നാഥുറാം ഗോദ്‌സെ കൊലപ്പെടുത്തിയ ജനുവരി 30 രക്തസാക്ഷിത്വ ദിനമായാണ് രാജ്യം ആചരിക്കുന്നത്. രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭ സ്പീക്കർ ഓം ബിർല, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉൾപ്പെടെയുള്ളവർ രാജ്ഘട്ടിലെ ഗാന്ധി സ്മാരകത്തിൽ പുഷ്പാഞ്ജലി അർപ്പിച്ചു.

ഗാന്ധിജിയുടെ ത്യാഗം ഒരുകാലത്തും രാജ്യത്തിനു മറക്കാനാകില്ലെന്ന് നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. 'ബാപ്പുവിനെ വണങ്ങുകയും അദ്ദേഹത്തിന്റെ അഗാധമായ ചിന്തകൾ അനുസ്മരിക്കുകയും ചെയ്യുന്നു. രാഷ്ട്രസേവനത്തിനിടെ രക്തസാക്ഷികളായ എല്ലാവർക്കും ആദരാഞ്ജലികൾ അർപ്പിക്കുന്നു.

അവരുടെ ത്യാഗങ്ങൾ ഒരിക്കലും മറക്കില്ല' -പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. സ്വാതന്ത്ര്യത്തിന്റെ സുവർണ കാലഘട്ടത്തിൽ സ്വച്ഛത, സ്വദേശി, സ്വഭാഷ എന്നീ ആശയങ്ങൾ സ്വീകരിക്കുക എന്നതാണ് ഗാന്ധിജിക്കുള്ള യഥാർഥ ആദരവെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും മഹാത്മാ ഗാന്ധിയെ അനുസ്മരിച്ചു. 'സ്നേഹത്തോടെയും സാഹോദര്യത്തോടെയും ജീവിക്കാനും സത്യത്തിനുവേണ്ടി പോരാടാനും ബാപ്പു രാജ്യത്തെ പഠിപ്പിച്ചു. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ അദ്ദേഹത്തിന് അഭിവാദ്യം അർപ്പിക്കുന്നു' -രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും മഹാത്മാ ഗാന്ധിക്ക് സ്മരണാഞ്ജലികൾ അർപ്പിച്ചു.

വെറുപ്പിന്റെ പ്രത്യയശാസ്ത്രമാണ് നമുക്ക് ബാപ്പുവിനെ നഷ്ടപ്പെടുത്തിയത്. ബാപ്പുവിന്റെ സത്യം, അഹിംസ, സ്‌നേഹം എന്ന തത്ത്വങ്ങൾക്കു മാത്രമേ അതിനെ പരാജയപ്പെടുത്താൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗാന്ധിദർശനങ്ങൾ ഉയർത്തിപ്പിടിച്ച് വൈവിധ്യമാർന്ന പരിപാടികളോടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു. സബർമതി ആശ്രമത്തിൽ ഗാന്ധി അനുസ്മരണ ദിനത്തോടനുബന്ധിച്ച് പരമ്പരാഗത പ്രാർത്ഥന യോഗം സംഘടിപ്പിച്ചു.