ലക്നൗ: ഉത്തർപ്രദേശിലെ സർക്കാർ ആശുപത്രിയിൽ രോഗിയായ സ്ത്രീയെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്സ് മുടിയിൽ പിടിച്ച് വലിച്ച് കിടക്കയിലേക്കു തള്ളിയിട്ട സംഭവത്തിൽ വീഴ്ചയില്ലെന്നു ചീഫ് മെഡിക്കൽ ഓഫിസർ. അക്രമാസക്തയായ രോഗിയെ നിയന്ത്രിക്കാനാണു നഴ്സ് ഇടപെട്ടതെന്നു ചീഫ് മെഡിക്കൽ ഓഫിസർ ഡോ. ആർ.കെ.സിങ് പറഞ്ഞു.

വെള്ളിയാഴ്ചയാണ് രോഗിയായ സ്ത്രീയെ നഴ്സ് മുടിയിൽ പിടിച്ച് വലിച്ച് കട്ടിലിലേക്കു തള്ളിയിടുന്ന വിഡിയോ പുറത്തുവന്നത്. ഒരു ജീവനക്കാരൻ നഴ്‌സിനെ സഹായിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സിതാപുർ ജില്ലാ ആശുപത്രിയിലാണ് സംഭവം നടന്നത്.

ഈമാസം പതിനെട്ടിനാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തൊട്ടടുത്ത ദിവസം കുടുംബാംഗങ്ങൾ ആശുപത്രിയിൽ നിന്നുപോയി. അന്നുരാത്രി പന്ത്രണ്ടിനും ഒരുമണിക്കുമിടയിൽ ശുചിമുറിയിൽ പോയ യുവതി പെട്ടെന്ന് അക്രമാസക്തയാകുകയും കൈകളിലെ വളകൾ ഇടിച്ച് പൊട്ടിക്കുകയും വസ്ത്രം കീറാൻ ശ്രമിക്കുകയും ചെയ്തുവെന്നു ഡോ. സിങ് പറയുന്നു.

ഈ സമയത്താണ് നഴ്‌സ് യുവതിയെ നിയന്ത്രിക്കാൻ ശ്രമിച്ചത്. മറ്റുവാർഡുകളിൽ നിന്നുള്ള നഴ്‌സുമാർ കൂടി സഹായിച്ചാണ് യുവതിയെ കീഴ്‌പ്പെടുത്തിയത്. രോഗിയെ പിന്നീട് മരുന്ന് കുത്തിവച്ച് മയക്കുകയായിരുന്നു. കുടുംബാംഗങ്ങൾ എത്തിയപ്പോൾ ഡിസ്ചാർജ് ചെയ്‌തെന്നും ചീഫ് മെഡിക്കൽ ഓഫിസർ പറഞ്ഞു. എന്നാൽ ദൃശ്യങ്ങളിൽ ഒരു നഴ്‌സ് മാത്രമാണ് യുവതിയെ മുടിക്ക് കുത്തിപ്പിടിച്ച് കൊണ്ടുപോകുന്നത്. വിഡിയോ പുറത്തുവന്നതോടെ അതിരൂക്ഷമായ വിമർശനമാണ് ആശുപത്രിക്കുനേരെ ഉയർന്നത്.