തൃശൂര്‍: ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ വാര്‍ത്തകള്‍ നിരന്തരം പുറത്തു വന്നിട്ടും കേരളത്തില്‍ തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം പെരുകുന്നു. കഴിഞ്ഞ ഒരാഴ്ച കൊണ്ട് മാത്രം മലയാളികള്‍ക്ക് നഷ്ടമായത് 1.95 കോടി രൂപയാണ്. വ്യാജ ഓണ്‍ലൈന്‍ ഗെയിമിങ്, ട്രേഡിങ്, ക്രിപ്‌റ്റോ കറന്‍സികളുടെ പേരിലാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മലയാളികളെ പറ്റിച്ച് പണം തട്ടിയെടുത്തത്. ലക്ഷങ്ങളാണ് പലര്‍ക്കും നഷ്ടമായത്. ഉള്‌ല സമ്പാദ്യം മുഴുവനും ഓണ്‍ലൈന്‍ കെണികളില്‍ നിക്ഷേപിച്ച ശേഷം ആര്‍ത്തുകരയുകയാണ് പലരും.

കഴിഞ്ഞ ഒരാഴ്ച കൊണ്ട് മലയാളികളുടെ 1.95 കോടി രൂപ ഇത്തരത്തില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ കൈക്കലാക്കി. തൃശൂര്‍ സിറ്റി പൊലീസ് പരിധിയിലാണ് ഈ കാലയളവില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ സാമ്പത്തികത്തട്ടിപ്പുകള്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ആറു കേസുകളാണ് ഇവിടെ രജിസ്റ്റര്‍ ചെയ്തത്. നാലു കേസുകളുമായി തിരുവനന്തപുരം സിറ്റി പിന്നാലെയുണ്ട്. വളരെക്കുറച്ച് ഇരകള്‍ മാത്രമേ പരാതിയുമായി മുന്നോട്ടു വരുന്നുള്ളൂ എന്നും അതിനാല്‍ തട്ടിപ്പിന്റെ വ്യാപ്തി ഇതിലേറെയാണെന്നും പൊലീസ് അധികൃതര്‍ പറഞ്ഞു.

തൃശൂര്‍ കുരിയച്ചിറയിലെ മുതിര്‍ന്ന പൗരനില്‍ നിന്ന് 41 ലക്ഷം രൂപയാണ് തട്ടിപ്പുകാര്‍ കവര്‍ന്നത്. രാജ്യാന്തര കമ്പനിയുടെ പ്രാഥമിക ഓഹരി വില്‍പനയിലൂടെ ഇരട്ടിലാഭം നേടാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പണം തട്ടിയത്. അനാന്റ ക്യാപിറ്റല്‍' എന്ന സൈറ്റ് വഴിയും 'അപര്‍ണ ഗുപ്ത' എന്ന ടെലിഗ്രാം അക്കൗണ്ട് വഴിയുമാണ് പത്തു തവണകളായി പല അക്കൗണ്ടുകളില്‍ നിന്ന് 44 ലക്ഷം വാങ്ങിയത്.

ആദ്യഘട്ടത്തില്‍ ലാഭവിഹിതമെന്ന് പറഞ്ഞ് മൂന്നു ലക്ഷത്തോളം രൂപ തിരികെ കൊടുത്തു വിശ്വാസമാര്‍ജിച്ച ശേഷമായിരുന്നു കൂടുതല്‍ തുക വാങ്ങിയെടുത്തത്. പിന്നീട് സൈറ്റില്‍ നിന്ന് വിവരങ്ങളൊന്നും കിട്ടാതായപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി മനസ്സിലാക്കിയത്. ഇടപാടുകള്‍ പൂര്‍ണമായും ടെലിഗ്രാം ആപ് വഴിയായിരുന്നു.

കൊല്ലം ചാത്തന്നൂര്‍ സ്വദേശിയായ റിട്ട.സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ചതി പറ്റിയത് സ്റ്റോക്ക് മാര്‍ക്കറ്റ് വിന്നേഴ്‌സ് ക്ലബ് 48, സ്റ്റോക് മാര്‍ക്കറ്റ് റിസര്‍ച് ഗ്രൂപ്പ് 48 എന്നീ വാട്‌സാപ് ഗ്രൂപ്പുകളില്‍ അംഗമാകുക വഴിയാണ്.ദിവസവും 5 ശതമാനം മൂല്യം ഉയര്‍ത്തുന്ന ബുള്‍ സ്റ്റോക്കുകള്‍ പരിചയപ്പെടുത്താമെന്നു പറഞ്ഞാണ് വിവിധ ലിങ്കുകള്‍ അയച്ചുകൊടുത്തത്. അദ്ദേഹത്തിനു നഷ്ടപ്പെട്ടത് 18.5 ലക്ഷം രൂപയാണ്.