കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിലെ മൊത്തവ്യാപാര കടയിൽ നിന്ന് പൊലീസുകാരൻ മാങ്ങ മോഷ്ടിച്ച കേസ് ഒത്തുതീർപ്പാക്കി. കേസ് ഒത്തുതീർപ്പാക്കാനുള്ള അപേക്ഷ കോടതി അംഗീകരിച്ചു. ഐ പി സി 379 പ്രകാരം ഉള്ള മോഷണ കേസിൽ തുടർനടപടികളും അവസാനിപ്പിച്ചിട്ടുണ്ട്. മോഷണത്തിലൂടെ തനിക്കുണ്ടായ നഷ്ടം പ്രതി പരിഹരിച്ചെന്നും അതിനാൽ കേസ് മുന്നോട്ടുകൊണ്ടുപോകാതെ ഒത്തുതീർക്കാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ട് പരാതിക്കാരനായ കടയുടമ കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലാണ് ഹർജി നൽകിയത്.

ഒത്ത് തീർപ്പ് അപേക്ഷയിൽ കോടതി ആവശ്യപ്പെട്ട റിപ്പോർട്ട് പൊലീസ് ഇന്നലെ കൈമാറിയിരുന്നു. കേസുമായി ബന്ധപ്പെട്ട് മറ്റ് എന്തെങ്കിലും കുറ്റങ്ങൾ ഉണ്ടെങ്കിൽ പൊലീസിന് അന്വേഷിക്കാമെന്നും കോടതി വ്യക്തമാക്കി. കടയുടമ കേസ് അവസാനിപ്പിക്കാൻ സമീപിച്ചതിന് പിന്നാലെ തന്നെ കേസിൽ നിന്നും പിന്നോട്ടില്ലെന്നും മാതൃകാപരമായ സമീപനം തന്നെ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചിരുന്നു. കട ഉടമയുടെ അപേക്ഷയിൽ പൊലീസ് എതിർവാദം സമർപ്പിക്കുകയും ചെയ്തിരുന്നു.

മോഷണം നടത്തിയ പ്രതി പൊലീസുകാരനാണ് എന്നത് ഗൗരവകരമാണ്. കേസ് ഒത്തു തീർപ്പാക്കിയാൽ അത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പൊലീസ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. കാഞ്ഞിരപ്പള്ളി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് പൊലീസ് എതിർപ്പ് അറിയിച്ചത്. എന്നാൽ ഇക്കാര്യത്തിൽ പൊലീസിന്റെ വാദങ്ങൾ തള്ളിക്കൊണ്ടാണ് കോടതി പ്രതിക്ക് അനുകൂലമായ വിധി പുറത്തിറക്കിയത്.

ഇടുക്കി എആർ ക്യാമ്പിലെ സിപിഒ പി.വി.ഷിഹാബിന് എതിരെയാണ് മാങ്ങ മോഷണക്കേസിൽ പൊലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ സെപ്റ്റംബർ മുപ്പതിന് പുലർച്ചെയാണ് ഡ്യൂട്ടി കഴിഞ്ഞുപോകുന്നതിനിടെ ഇയാൾ കാഞ്ഞിരപ്പള്ളി ടൗണിലെ കടയിൽ നിന്ന് മാങ്ങ മോഷ്ടിച്ചത്. മാങ്ങ സ്‌കൂട്ടറിൽ കയറ്റിക്കൊണ്ടുപോകുന്നത് സി സി ടി വിയിൽ പതിഞ്ഞിരുന്നു. കേസ് ഒത്തുതീർപ്പാക്കാൻ ആദ്യംതന്നെ പൊലീസ് ശ്രമിച്ചെങ്കിലും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ അതിനുകഴിഞ്ഞില്ല. തുടർന്ന് മോഷണക്കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ സസ്‌പെൻഡ് ചെയ്തു. ഷിഹാബ് ഒളിവിൽപ്പോയി. പൊലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. പ്രതിയെ അറസ്റ്റുചെയ്യാത്തതിനെതിരെ പൊലീസിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്.