മുംബൈ: വിവാഹിതരായ സ്ത്രീകളോട് വീട്ടു ജോലി ചെയ്യാൻ ആവശ്യപ്പെടുന്നത് ഗാർഹികപീഡനമായി കാണാനാകില്ലെന്ന് മുംബൈ ഹൈക്കോടതി. ഗാർഹികപീഡനവുമായി ബന്ധപ്പെട്ട കേസ് തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ വിധി. ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ചാണ് കേസ് പരിഗണിച്ചത്.

വിവാഹിതയായ ഒരു സ്ത്രീയോട് വീട്ടുജോലികൾ ചെയ്യാൻ ആവശ്യപ്പെടുമ്പോൾ അവർ വേലക്കാരികളാകുന്നില്ലെന്ന് കോടതിപറഞ്ഞു. വീട്ടുജോലികൾ ചെയ്യുന്നതിന് ബുദ്ധിമുട്ടുള്ള പെൺകുട്ടികൾ ഈ വിവരം വിവാഹത്തിന് മുമ്പ് തന്നെ വരന്റെ കുടുംബത്തോട് പറഞ്ഞിരിക്കണം. അവർക്ക് തീരുമനമെടുക്കാൻ ഇത് സഹായിക്കുമെന്നുമാണ് കോടതി പ്രതികരിച്ചത്.2019ൽ വിവാഹിതയായ പെൺകുട്ടിയാണ് പരാതി നൽകിയത്.

വിവാഹത്തിനു ശേഷം വീട്ടു ജോലിക്കാരിയായാണ് ഭർത്താവിന്റെ വീട്ടുകാർ തന്നെ കണ്ടതെന്നും, കാറു വാങ്ങാനായി നാല് ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് മാനസികമായും ശാരീരികമായും ഭർത്താവിന്റെ വീട്ടുകാർ പീഡിപ്പിച്ചുവെന്നും യുവതിയുടെ പരാതിയിൽ പറഞ്ഞിരുന്നു.പരാതിയുടെ അടിസ്ഥാനത്തിൽ മഹാരാഷ്ട്രയിലെ നാന്റഡ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.

സെക്ഷൻ 323, 504, 506 എന്നീ വകുപ്പുകൾ ചുമത്തി ഭർത്താവിനും കുടുംബത്തിനും എതിരെ കേസ് എടുത്തിരുന്നു. എന്നാൽ യുവതിയുടെ ഭർത്താവും കുടുംബവും യുവതി അവരുടെ മുൻ ഭർത്താവിനും കുടുംബത്തിനുമെതിരെ ഇതുപോലെ പരാതി നൽകിയതായി വാദിച്ചു കൊണ്ടാണ് കോടതിയെ സമീപിച്ചത്.

എന്നാൽ ഈ വാദത്തെ തള്ളിയ കോടതി, മുമ്പ് ഇത്തരം പരാതി നൽകിയെന്ന് കരുതി സ്ഥിരമായി ഇത്തരം പരാതികൾ ഉന്നയിക്കുന്ന ആളാണ് യുവതിയെന്ന് പറയാൻ കഴിയില്ലെന്നും വ്യക്തമാക്കി. യുവതിയെ ഭർത്താവും കുടുംബവും ആരോപണപ്രകാരം കുറ്റം ചെയ്തു എന്നതിന് തെളിവില്ലെന്ന് നിരീക്ഷിച്ചുകൊണ്ടാണ് കോടതി കേസ് തള്ളിയത്.