ബെംഗളൂരു; ശവരതി ബലാത്സംഗമായി കണക്കാക്കാനാവില്ലെന്ന് കർണാടക ഹൈക്കോടതി. തുമക്കൂരുവിൽ 2015 ജൂൺ 25ന് നടന്ന കൊലപാതകവും തുടർന്ന ബലാത്സംഗവും നടത്തിയ പ്രതിയെ ബലാത്സംഗ കേസിൽ നിന്നും മോചിപ്പിച്ചു കൊണ്ടാണ് കർണാടക ഹൈക്കോടതിയുടെ വിധി. ജീവനില്ലാത്ത ശരീരവുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടയാളെ ഐപിസി.376 വകുപ്പ് പ്രകാരം ശിക്ഷിക്കാൻ കഴിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വെറുതെ വിട്ടത്.

ജീവനില്ലാത്ത ശരീരവുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ ശിക്ഷിക്കാൻ ഇന്ത്യൻ നിയമത്തിൽ വകുപ്പില്ലെന്നും കർണാടക ഹൈക്കോടതി ചൂണ്ടിക്കാട്ടി. കൂടാതെ ശവരതി ബലാത്സംഗ കുറ്റപരിധിയിൽകൊണ്ടുവരാൻ നിയമഭേദഗതിക്കു കോടതി കേന്ദ്രസർക്കാരിനു നിർദേശവും നൽകി. ജസ്റ്റിസുമാരായ വെങ്കിടേഷ് നായിക്, ബി. വീരപ്പ എന്നിവരാണ് ഇന്ത്യൻ ശിക്ഷാ നിയമത്തിൽ ഏറെ ചർച്ചകൾക്ക് ഇടയാക്കിയേക്കാവുന്ന വിധി പ്രസ്താവിച്ചത്.

തുമക്കൂരുവിൽ 2015 ജൂൺ 25ന് കംപ്യൂട്ടർ ക്ലാസിൽനിന്നു വീട്ടിലേക്കു മടങ്ങുന്നതിനിടെ 21 വയസുകാരിയെ കഴുത്തറുത്തു കൊലപ്പെടുത്തിയ ശേഷം 22 വയസുകാരൻ ബലാത്സംഗം ചെയ്‌തെന്ന കേസിൽ വിചാരണക്കോടതിയുടെ ശിക്ഷാവിധി ചോദ്യം ചെയ്തു നൽകിയ ഹർജിയിലാണു ഡിവിഷൻ ബെഞ്ച് നടപടി. പ്രതിയെ ബലാത്സംഗ കേസിൽ നിന്നും മോചിപ്പിക്കുകയും ചെയ്തു.

ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരം ശവഭോഗത്തിനു ശിക്ഷ വിധിക്കാൻ വ്യവസ്ഥയില്ലെന്ന് പ്രതി ഹൈക്കോടതിയിൽ വാദിച്ചു. മൃതദേഹത്തെ വ്യക്തിയായി കണക്കാക്കാൻ കഴിയില്ലെന്ന കാരണമാണു ചൂണ്ടിക്കാണിച്ചത്. തുടർന്നാണു കോടതി ബലാത്സംഗ കുറ്റം തള്ളി, കൊലക്കുറ്റത്തിനു മാത്രമായി ശിക്ഷ ചുരുക്കിയത്.
2017 ഓഗസ്റ്റിൽ കൊലപാതക കുറ്റത്തിന് വിചാരണ കോടതി ഇയാൾക്കു ജീവപര്യന്തം കഠിന തടവും 50,000 രൂപ പിഴയും വിധിച്ചു. ബലാത്സംഗ കുറ്റത്തിനു മറ്റൊരു 10 വർഷവും തടവു വിധിച്ചു. ഇതിനെ ചോദ്യം ചെയ്തു പ്രതി ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് വിധി.

ബ്രിട്ടൻ, കാനഡ തുടങ്ങി നിരവധി രാജ്യങ്ങളിൽ ശവഭോഗം ക്രിമിനൽ കുറ്റമാണെന്നു ചൂണ്ടികാണിച്ചാണു കോടതി സർക്കാരിനോടു നടപടിക്കു നിർദേശിച്ചത്. ഐപിസി 377 ഭേദഗതി ചെയ്തു ശവഭോഗവും കുറ്റത്തിന്റെ പരിധിയിൽ കൊണ്ടുവരണമെന്നാണു കോടതി നിർദ്ദേശം. എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികളിലെ മോർച്ചറികളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ സംസ്ഥാന സർക്കാരിനും കോടതി നിർദ്ദേശം നൽകി. മൃതദേഹങ്ങളോട് അനാദരമായി പെരുമാറുന്നതു തടയാനാണിത്.