ആലപ്പുഴ: ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി ആയിരുന്ന അഡ്വ. രഞ്ജിത്ത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസിലെ വിധി അന്വേഷണ മികവിനുള്ള തെളിവ്. 2021 ഡിസംബർ 19ന് രഞ്ജിത്ത് ശ്രീനിവാസനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടിൽ കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ 15 പ്രതികളാണ് വിചാരണ നേരിട്ടത്. മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി ജി ശ്രീദേവിയാണ് വിധി പറഞ്ഞത്. എല്ലാ പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തുന്നുവെന്നതാണ് ഈ രാഷ്ട്രീയ കൊലപാതക കേസ് വിചാരണയുടെ പ്രത്യേകത. പ്രതികളെല്ലാം പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ്.

പന്ത്രണ്ടംഗ സംഘം ആറു ഇരുചക്രവാഹനങ്ങളിലായാണ് എത്തിയത്. വീട്ടിലേക്കുള്ള പ്രധാന വഴിയിൽ വാഹനങ്ങൾ പാർക്ക് ചെയ്ത ശേഷമാണ് അക്രമികൾ എത്തിയത്. ഇവർ വാഹനങ്ങളിൽ വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിരുന്നു. ഇതെല്ലാം വിചാരണയിലും നിർണ്ണായക തെളിവുകളായി. ആയിരത്തോളം രേഖകളും നൂറിലധികം തൊണ്ടിമുതലുകളും തെളിവായി ഹാജരാക്കിയിരുന്നു. വിരലടയാളങ്ങൾ, ശാസ്ത്രീയ തെളിവുകൾ, സിസിടിവി ദൃശ്യങ്ങൾ, ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ തയ്യാറാക്കിയ റൂട്ടുമാപ്പുകൾ തുടങ്ങിയ തെളിവുകളും കേസിൽ ഹാജരാക്കി. ഇതെല്ലാം പരിഗണിച്ചുകൊണ്ടാണ് വിധി.

നൈസാം, അജ്മൽ, അനൂപ്, മുഹമ്മദ് അസ്ലം, സലാം എന്ന അബ്ദുൽ കലാം, അബ്ദുൽ കലാം, സഫറുദ്ദീൻ, മൻഷാദ്, ജസീബ് രാജ, നവാസ്, ഷമീർ, നസീർ, സക്കീർ ഹുസൈൻ, പൂവത്തിങ്കൽ ഷാജി, ഷെർനാസ് അഷറഫ് എന്നിവരാണ് കേസിലെ പ്രതികൾ. ഇതിൽ ആദ്യ എട്ടു പേർക്കെതിരെയാണ് കൊലക്കുറ്റം തെളിഞ്ഞത്. ഇവർക്ക് പരമാവധി ശിക്ഷ നൽകണമെന്നതാണ് രഞ്ജിത് ശ്രീനിവാസന്റെ കുടുംബത്തിന്റെ ആവശ്യം. കുടുംബവും വിധി കേൾക്കാൻ എത്തിയിരുന്നു. 12 പേർ കൊലപാതക സ്ഥലത്തുണ്ടെന്നതിനും വിധിയോടെ സ്ഥിരീകരണമുണ്ടായി.

വിചാരണ ആലപ്പുഴ ജില്ലയ്ക്ക് പുറത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ടു പ്രതികൾ സുപ്രീംകോടതിയെ വരെ സമീപിച്ചെങ്കിലും അനുവദിച്ചിരുന്നില്ല. ആർഎസ്എസ് നേതാവായിരുന്ന രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ ഗൂഢാലോചന നടന്നത് മൂന്ന് ഘട്ടങ്ങളിലായിട്ടാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞിരുന്നു. വയലാർ സ്വദേശിയായ നന്ദു കൃഷ്ണയെ കൊലപ്പെടുത്തിയപ്പോൾ തന്നെ പ്രതികാരക്കൊല നടക്കുമെന്ന് എസ്ഡിപിഐക്കാരായ പ്രതികൾ മുൻകൂട്ടി കണ്ടിരുന്നുവെന്നും അങ്ങിനെ സംഭവിച്ചാൽ പകരം ഒരാളെ കൊലപ്പെടുത്താൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നുവെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. ഇതാണ് കോടതിയിൽ അംഗീകരിക്കപ്പെട്ടത്.

മണ്ണഞ്ചേരിയിൽ ഷാൻ കൊല്ലപ്പെട്ട 2021 ഡിസംബർ 18 നായിരുന്നു രണ്ടാമത്തെ ഗൂഢാലോചന. ഈ കൂടിയാലോചനയിലാണ് രഞ്ജിത്തിനെ വധിക്കാൻ തീരുമാനിച്ചത്. അന്ന് രാത്രി ആലപ്പുഴ റെയിൽവെ സ്റ്റേഷൻ റോഡിൽ പ്രതികൾ വീണ്ടും ഒത്തുകൂടിയെന്ന് പ്രൊസിക്യൂഷൻ പറഞ്ഞു. ഇവിടെയായിരുന്നു മൂന്നാം ഗൂഢാലോചന. അർധരാത്രി രഞ്ജിത്ത് ശ്രീനിവാസന്റെ വീട്ടിലെത്തിയ സംഘം കൊലയ്ക്ക് അനുകൂലമായ സാഹചര്യമല്ലെന്ന് കണ്ട് മടങ്ങി. തൊട്ടടുത്ത ദിവസം പുലർച്ചെ ആറിന് വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു.

കൊലപാതകത്തിൽ പ്രതിഷേധിച്ച് പ്രതിഭാഗത്തിന്റെ വക്കാലത്ത് ഏറ്റെടുക്കാൻ ആലപ്പുഴ ബാറിലെ അഭിഭാഷകർ ആരും തയാറായിരുന്നില്ല. ഇത് കേസിന്റെ വിചാരണ അനിശ്ചിതത്വത്തിലാക്കിയിരുന്നു. ഇതേതുടർന്നാണ് കേസ് ആലപ്പുഴ ജില്ലയ്ക്ക് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ കൊലക്കേസ് മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയിലേക്ക് മാറ്റാനായിരുന്നു ഹൈക്കോടതി ഉത്തരവിട്ടത്.

തുടർന്ന് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ഉണ്ടായില്ല. ഏതാണ്ട് അതിവേഗത്തിൽ തന്നെ കുറ്റപത്രം സമർപ്പിക്കലും വിചാരണയും നടന്നുവെന്നതാണ് പ്രത്യേകത.