അങ്കോല: ഷിരൂരില്‍ കുന്നിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടെത്താന്‍ സാധ്യമാകുന്ന എല്ലാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തണമെന്ന് കര്‍ണാടക സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചതായി മന്ത്രി പി.എ.മുഹമ്മദ് റിയാസ്. സംയുക്ത യോഗത്തിലെടുത്ത തീരുമാനങ്ങളില്‍നിന്ന് പിന്നോട്ടുപോകുന്ന സ്ഥിതി ഉണ്ടാകരുതെന്ന നിലപാട് കേരളം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

'എന്ത് ബുദ്ധിമുട്ട് ഉണ്ടായാലും പൊന്റൂണുകള്‍ കൊണ്ടുവരണമെന്ന അഭിപ്രായം ജില്ലാ കളക്ടറെ അറിയിച്ചുവെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു. വെള്ളിയാഴ്ച ചേര്‍ന്ന യോഗത്തിലെ പ്രധാന തീരുമാനമായിരുന്നു രക്ഷാപ്രവര്‍ത്തനത്തിനായി പൊന്റൂണുകള്‍ എത്തിക്കും എന്നത്. എന്നാല്‍ ശനിയാഴ്ച രാവിലെ നടന്ന യോഗത്തിലാണ് പൊന്റൂണുകള്‍ കൊണ്ടുവരുന്നതില്‍ ചില തടസ്സങ്ങള്‍ ഉണ്ടെന്ന് കര്‍ണാടക സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അറിയിച്ചത്. എന്നാല്‍ പൊന്റൂണുകള്‍ നിര്‍ബന്ധമായും എത്തിക്കണമെന്ന നിലപാട് കേരളം സ്വീകരിച്ചു. ഇതോടെ ജില്ലാ കളക്ടര്‍ പൊന്റൂണ്‍ സംഘത്തെ വീണ്ടും ബന്ധപ്പെട്ടു. രാജസ്ഥാനില്‍നിന്നുള്ള സംഘം രാത്രിയോടെ എത്തുമെന്നാണ് കളക്ടര്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്', മന്ത്രി പറഞ്ഞു.

അര്‍ജുന്റെ കുടുംബത്തിന് ഷിരൂരിലേക്ക് എത്താനുള്ള നടപടി സ്വീകരിച്ചെന്നും മുഹമ്മദ് റിയാസ് അറിയിച്ചു. കുടുംബത്തിലെ മൂന്ന് പേര്‍ക്ക് പാസ് അനുവദിക്കാന്‍ ജില്ലാ കളക്ടറുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായെന്നും കുടുംബത്തിന്റെ മാനസികാവസ്ഥ പരിഗണിച്ചാണ് തീരുമാനമെന്നും മന്ത്രി വ്യക്കമാക്കി.