കോതമംഗലം: രാത്രിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന ആനക്കൂട്ടത്തെ തുരത്താൻ നാട്ടുകാർക്കൊപ്പമുണ്ടായിരുന്ന മധ്യവയസ്‌കനെ വനംവകുപ്പ് അധികൃതരുടെ പരാതിയിൽ പൊലീസ് അറസ്റ്റുചെയ്തു.

നേര്യമംഗലം ഇഞ്ചത്തൊട്ടി വാതുപറമ്പിൽ വിജയ(52)നെയാണ് നേര്യമംഗലം ഫോറസ്റ്റ് റെയിഞ്ചോഫീസറുടെ പരാതിയിൽ കുട്ടമ്പുഴ പൊലീസ് അറസ്റ്റുചെയ്തിട്ടുള്ളത്. ഓഫീസിൽ അതിക്രമിച്ച് കടന്നെന്നും കൃത്യനിർവഹണം തടസപ്പെടുത്തിയെന്നും വനിത ജീവനക്കാരെ അടക്കം അസഭ്യം വിളിച്ചെന്നുമാണ് പരാതിയിൽ വ്യക്തമാക്കിയിട്ടുള്ളത്.

എന്നാൽ വനംവകുപ്പ് അധികൃതരുടെ ആരോപണത്തിൽ കഴമ്പില്ലന്നാണ് നാട്ടുകാരുടെ വാദം.രാത്രി 11.30 തോടടുത്ത് ജനവാസ മേഖലയിൽ ആനക്കൂട്ടം ഇറങ്ങിയിരുന്നെന്നും ഇവയെ കാട്ടിലേയ്ക്ക് തുരത്താൻ തങ്ങൾ സംഘടിച്ച് ഇറങ്ങിയിരുന്നെന്നും കൂട്ടത്തിൽ വിജയനും ഉൾപ്പെട്ടിരുന്നെന്നും പ്രദേശവാസികൾ പറയുന്നു.

നാട്ടുകാർ സംഘടിച്ചെത്തി, വനംവകുപ്പ് ഓഫീസ് കെട്ടിടത്തിന് സമീപത്തെ വാച്ച്ടവറിൽ കയറി ആനകൾ പരിസരത്തുണ്ടോ എന്ന് നിരീക്ഷിച്ചെന്നും ഇത് വനംവകുപ്പ് അധികൃതർ വിലക്കിയെന്നും തുടർന്ന് ഒച്ചപ്പാടും പ്രതിഷേധവും ഉണ്ടായെന്നും ഇതിന്റെ പേരിലാണ് മുൻപന്തിയിലുണ്ടായിരുന്ന വിജയനെ കേസിൽ കുടുക്കിയതെന്നുമാണ് വീട്ടുകാരുടെയും നാട്ടുകാരുടെയും ആക്ഷേപം.