തിരുവനന്തപുരം: കാട്ടാക്കട പൂവച്ചലിൽ ഫർണിച്ചർ കടക്ക് തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. അഗ്നിശമനയുടെയും നാട്ടുകാരുടെയും മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ കെടുത്തിയത്. ഇന്നലെ രാത്രി 8.15നാണ് സംഭവം. കടുക്കാംമൂട് സ്വദേശി സതിയുടെ ഉടമസ്ഥതയിലുള്ള ദേവു ഫർണിച്ചർ കടയിലാണ് തീപിടുത്തം ഉണ്ടായത്. സമീപത്തെ മറ്റൊരു കടയുടമ ജോസ് ആണ് തീപടരുന്നത് ആദ്യം കണ്ടത്.

തുടർന്ന് അടുത്ത വീട്ടിൽ നിന്ന് ഹോസ് ഉപയോഗിച്ച് തീ കെടുത്താൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. കടയ്ക്ക് പിന്നിൽ തന്നെ ആണ് കടയുടമ സതിയുടെ വീട്. തീ പടർന്നതോടെ വീട്ടുകാരെയും ഒഴിപ്പിച്ചു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കാട്ടാക്കടയിൽ നിന്ന് ആദ്യയൂണിറ്റ് ഫയർഫോഴ്‌സ് യൂണിറ്റെത്തി തീ അണക്കാൻ ശ്രമിച്ചെങ്കിയും തീ നിയന്ത്രിക്കാനായില്ല.

പീന്നീട് കൂടുതൽ യൂണിറ്റ് എത്തി നടത്തിയ ശ്രമങ്ങൾക്ക് ഒടുവിലാണ് തീ നിയന്ത്രണ വിധേയമായത്. ലക്ഷങ്ങൾ വില വരുന്ന ഫർണിച്ചറുകളും മെഷീനുകളും തീയിൽ കത്തി നശിച്ചു. വൈദ്യുതി ഷോർട്ട് സർക്യൂട്ടാകും തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം