തിരുവനന്തപുരം: വെള്ളനാട് വീട്ടുവളപ്പിലെ കിണറ്റിൽ വീണ കരടി ചത്ത സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായെങ്കിൽ കർശന നടപടിയെടുക്കുമെന്ന് വനംമന്ത്രി എം.കെ.ശശീന്ദ്രൻ. സംഭവത്തിൽ വിശദമായ റിപ്പോർട്ട് രണ്ട് ദിവസത്തിനകം സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സമഗ്രമായ റിപ്പോർട്ട് ലഭിച്ചശേഷം വേണ്ട നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

രക്ഷാപ്രവർത്തനത്തിൽ നടപടിക്രമങ്ങൾ പാലിക്കപ്പെട്ടില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്. മുങ്ങാൻ സാധ്യതയുള്ള ജീവികളെ മയക്കുവെടി വയ്ക്കരുതെന്ന വനംവകുപ്പിന്റെ സറ്റാൻഡേർഡ് ഓപ്പറേഷൻ പ്രൊസീജ്യർ പാലിക്കപ്പെട്ടില്ല. മയക്കുവെടിയേറ്റ ജീവി അപകടസാഹചര്യത്തിലേക്ക് നീങ്ങിയാൽ മറുമരുന്ന് പ്രയോഗിക്കാമെന്ന നിർദേശവും പാലിക്കപ്പെട്ടില്ലെന്നും വിമർശനമുണ്ട്.