കണ്ണൂർ: മട്ടന്നൂരിൽ ആർഎസ്എസ് കാര്യാലയത്തിന് പോപ്പുലർ ഫ്രണ്ട് സംഘം ബോംബെറിഞ്ഞ സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞതായി പൊലിസ്. സി.സി.ടി.വി ക്യാമറാദൃശ്യങ്ങളിലൂടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

മട്ടന്നൂർ ശിവപുരം റോഡിലെ ആർഎസ് എസ് മട്ടന്നൂർ ഖണ്ഡ് കാര്യാലയം ആനന്ദ മഠത്തിനു നേരെയാണ് പോപ്പുലർ ഫ്രണ്ട് സംഘം പെട്രോൾ ബോംബെറിഞ്ഞത്. ഇന്ന് രാവിലെ 11.45 നായിരുന്നു സംഭവം. ഹർത്താലിന്റെ മറവിൽ മട്ടന്നൂർ മേഖലയിൽ പോപ്പുലർ ഫ്രണ്ടുകാർ നിരവധി ആക്രമണങ്ങളാണ് നടത്തിയത്.

ഇല്ലംമൂല ഭാഗത്തു കൂടി സ്‌കൂട്ടറിൽ വന്ന രണ്ടു പേരാണ് ബോംബേറിനു പിന്നിൽ. കാര്യാലയത്തിന് മുന്നിൽ നിർത്തിയ സ്‌കൂട്ടറിൽ നിന്ന് ഒരാൾ ഇറങ്ങി മുറ്റത്തു കയറി ബോംബെറിയുകയായിരുന്നു. പെട്രോൾ ബോംബേറിൽ ജനലുകൾ കത്തുകയും മുറിക്കുള്ളിലെ കിടക്ക കത്തി നശിക്കുകയും ചെയ്തിട്ടുണ്ട്. വരാന്തയിലെ കാർപ്പറ്റും കത്തിയിട്ടുണ്ട്. സമീപത്തെ സിസി ടിവിയിൽ സംഭവം പതിഞ്ഞിട്ടുണ്ട്.

ആർഎസ്എസ് കണ്ണൂർ വിഭാഗ് സഹകാര്യവാഹ് വി. ശശിധരൻ, വിഭാഗ് പ്രചാരക് കെ.എസ്. അനീഷ്, ജില്ലാ കാര്യവാഹ് കെ. ശ്രീജേഷ്, ജില്ലാ സഹകാര്യവാഹ് സി.കെ. രജീഷ്, ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് എം.കെ. സന്തോഷ്, ബിജെപി കണ്ണൂർ ജില്ലാ പ്രസിഡണ്ട് എൻ. ഹരിദാസ്, ജില്ലാ ജനറൽ സെക്രട്ടറി ബിജു ഏളക്കുഴി, ജില്ലാ സെൽ കോഡിനേറ്റർ രാജൻ പുതുക്കുടി, മട്ടന്നൂർ മണ്ഡലം പ്രസിഡണ്ട് ജിതിൻ കൂടാളി, യുവമോർച്ച ജില്ലാ സെക്രട്ടറി അനൂപ് കല്ലിക്കണ്ടി തുടങ്ങിയവർ കാര്യാലയം സന്ദർശിച്ചു. എസിപി പ്രദീപ് കണ്ണിപ്പൊയിൽ, മട്ടന്നൂർ സിഐ കൃഷ്ണൻ എന്നിവർ സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.