മലപ്പുറം: പിതാവിനൊപ്പം തോട് കാണാനിറങ്ങിയ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട് മരിച്ചു. മലപ്പുറം പുത്തൂർ പള്ളിക്കൽ പാത്തിക്കുഴി പാലത്തിന് സമീപം ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയാണ് മരിച്ചത്. പെരുവള്ളൂർ വട്ടപ്പറമ്പ് സ്വദേശി മാട്ടിൽ അബ്ദുൽ ഹമീദിന്റെ മകൻ മുഹമ്മദ് റിഷാൽ (13) ആണ് മരിച്ചത്.

ഒഴുക്കിൽപ്പെട്ട് കാണാതായ റിഷാലിനെ പാത്തിക്കുഴി പാലത്തിനടുത്ത് നിന്നും 100 മീറ്റർ മാറി പൊന്തക്കാട്ടിൽ നിന്നാണ് ഫയർ ആൻഡ് റെസ്‌ക്യൂ സംഘം കുട്ടിയുടെ മൃതദേഹം മുങ്ങിയെടുത്തത്.വലക്കണ്ടി എ എം യു പി സ്‌കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയാണ്. ഇന്നു ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. പിതാവിന്റെ കൂടെ തോട് കാണാനെത്തിയ കുട്ടി അബദ്ധത്തിൽ വഴുതി വീണതാണെന്നാണ് വിവരം. വിവരമറിഞ്ഞ് വൻ ജനക്കൂട്ടവും സ്ഥലത്തെത്തിയിരുന്നു. പൊലീസും അഗ്നിശമനസേനയും മുങ്ങൽ വിദഗ്ധരും നാട്ടുകാരുമാണ് തിരച്ചിലിന് നേതൃത്വം നൽകിയത്.

താലൂക്കിൽ പെരുവല്ലൂർ വില്ലേജിന്റെയും കൊണ്ടോട്ടി താലൂക്കിലെ പള്ളിക്കൽ വില്ലേജിന്റെയും അതിർത്തിയിൽ പാത്തിക്കുഴി പാലത്തിന് സമീപമുള്ള തോട്ടിൽ ഒരു കുട്ടി പോയെന്ന് 3.20 നാണ് കൊണ്ടോട്ടി ഭാഗത്ത് നിന്ന് അഗ്‌നിരക്ഷാസേന നിലയത്തിലേക്ക് അറിയിപ്പ് ലഭിച്ചത്.
സംഘം ഉടൻതന്നെ സേന സ്‌കൂബയും മറ്റ് അനുബന്ധ രക്ഷാപ്രവർത്തനങ്ങളുമായി സംഭവസ്ഥലത്തേക്ക് പുറപ്പെടുകയും ചെയ്തു.

വ്യക്തമായ വിലാസം സേനയ്ക്ക് ലഭിച്ചതിനാൽ സംഭവ സ്ഥലത്ത് എത്തിയ ഉടൻ ഉപകരണങ്ങൾ അണിഞ്ഞ് തിരച്ചിൽ നടത്തുകയും ഏകദേശം ഒന്നര മണിക്കൂറത്തെ തുടർച്ചയായ തിരച്ചിലിൽ മലപ്പുറം നിലയത്തിലെ ഫയർ ഓഫീസറും മുങ്ങൽ വിദഗ്ധനുമായ കെ എം മുജീബ് മൃതദേഹം കണ്ടെടുക്കുകയും ചെയ്യുകയായിരുന്നു. .മീൻചന്ത ഫയർ സ്റ്റേഷനും സംഭവസ്ഥലത്ത് എത്തി തിരച്ചിൽ നടത്തിയിരുന്നു.

മഴ കാരണം ശക്തമായ കുത്തൊഴുക്കിന് അതിജീവിച്ചാണ് തിരച്ചിൽ നടത്തേണ്ടി വന്നതെന്നു അധികൃതർ പറഞ്ഞു. മൃതദേഹം ഉടൻതന്നെ സമീപത്ത് ഉണ്ടായിരുന്ന ആംബുലൻസിൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. മലപ്പുറം നിലയത്തിൽ നിന്നും സീനിയർ ഫയർ ഓഫീസർ കെ സിയാദ്, ഫയർ ഓഫീസർമാരായ വി പി നിഷാദ്, കെ എം മുജീബ്, കെ റ്റി സാലിഹ് എന്നിവർ ചേർന്നാണ് തിരച്ചിൽ നടത്തിയത്. റിഷാലിന്റെ മാതാവ്: ഹാജറ. സഹോദരങ്ങൾ: റിസ്വാൻ ഫാരിസ്, ഫാത്തിമ റിയ, മുഹമ്മദ് റൈഹാൻ.