കോഴിക്കോട്: രാഷ്ട്രീയത്തിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് ഏറെ സുരക്ഷിതമായ ഇടം ഇടതുപക്ഷമാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞു. കെഎൽഎഫ് വേദിയിൽ സംസാരിക്കുകയായിരുന്നു അവർ. സാമൂഹിക മാറ്റത്തിനായുള്ള പോരാട്ടം നടത്താനും കൃത്യമായ ഇടം കണ്ടെത്താനും ഇടതുപക്ഷ രാഷ്ട്രീയമാണ് സ്ത്രീകൾക്ക് അഭികാമ്യം. രാഷ്ട്രീയ സംഘടനകളുടെ നിലപാടുകൾ പൊതുവേ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. എന്നാൽ സാമൂഹിക മാറ്റം ലക്ഷ്യമിട്ടുള്ളതാണ് ഇടതുപക്ഷ നിലപാടുകൾ.

നാരീപൂജയല്ല, അവകാശങ്ങളാണ് സ്ത്രീകൾക്ക് കിട്ടേണ്ടത്. തുല്യത അല്ലെങ്കിൽ അവകാശം എന്നത് പോരാട്ടത്തിലൂടെയാണ് സ്ത്രീ നേടുന്നത്. ബിജെപി കൊണ്ടുവന്ന സംവരണ ബില്ല് 'സാങ്കൽപ്പിക യാഥാർഥ്യം' മാത്രമാണ്. അത് നടപ്പാക്കാനുള്ള ഉദ്ദേശ്യമൊന്നും അവർക്കില്ല. സിപിഐ എമ്മിൽ കൂടുതൽ സ്ത്രീകൾ നേതൃത്വത്തിലേക്ക് വരുന്നത് സ്ത്രീകൾക്ക് ലഭിക്കുന്ന അംഗീകാരമാണ്. തന്റെ പുസ്തകവുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിൽ വന്ന വാർത്ത ധാർമികതക്ക് നിരക്കാത്തതാണെന്നും അവർ പറഞ്ഞു. 'ഞാൻ പറഞ്ഞ പോലെ തലക്കെട്ട് അവർ നിർമ്മിച്ചുണ്ടാക്കുകയാണ്. സിപിഐ എമ്മിനെ കുറിച്ചുള്ള അറിവില്ലായ്മയിൽനിന്നാണ് ഇത്തരം വാർത്തകളുണ്ടാക്കുന്നത്.

സ്വാഭാവികമായും പുരുഷാധിപത്യ സമൂഹത്തിൽ പുരുഷനേക്കാൾ ഇരട്ടി അദ്ധ്വാനത്തിലൂടെ മാത്രമേ സ്ത്രീക്ക് അംഗീകാരം ലഭിക്കൂ. അത് പാർട്ടിയുമായല്ല, സമൂഹവുമായാണ് ബന്ധപ്പെട്ടുകിടക്കുന്നത്. സാമൂഹിക ചിന്തയുടെ പ്രതിഫലനത്തെക്കുറിച്ചാണ് ഞാൻ പറഞ്ഞത്. എന്നാൽ അതിനെ വളച്ചൊടിക്കുന്നതാണ് തലക്കെട്ട്'- ബൃന്ദ കാരാട്ട് പറഞ്ഞു. മാധ്യമപ്രവർത്തക ധന്യ രാജേന്ദ്രൻ മോഡറേറ്ററായി.