ഇടുക്കി: കൊക്കയിലേയ്ക്ക് ചരിഞ്ഞ് അപകടവസ്ഥയിലായ ബസിലെ യാത്രക്കാരെ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് സാഹസീകമായി രക്ഷപെടുത്തി. വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയിൽ ഇരുട്ടുകാനത്തിന് സമീപം ഇന്ന് രാവിലെയാണ് ബാഗ്ലൂരിൽ നിന്നുള്ള വിനോദയാത്ര സംഘം സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽപ്പെട്ടത്.

ബംഗ്ലൂർ നാഗർബഗി മഹേഷ് പിഒ കോളേജിലെ വിദ്യാർത്ഥികളും അദ്ധ്യാപകരുമാണ് ബസിലുണ്ടായിരുന്നത്.മൂന്നാറിൽ പോയി തിരികെ വരികയായിരുന്ന ടൂറിസ്റ്റ് ബസ് എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയിൽ റോഡിൽ നിന്നും തെന്നി മാറുകയായിരുന്നു. റോഡിന്റെ ഒരു വശം ഇടിഞ്ഞ്,പിൻഭാഗത്തെ ടയർ കൊക്കയുടെ ഭാഗത്തേയ്ക്ക് നീങ്ങിയ നിലയിലായിരുന്നും ബസ് നിന്നിരുന്നത്.

യാത്രക്കാർ ഇറങ്ങാൻ ശ്രമിച്ചപ്പോൾ ബസ് വീണ്ടും താഴോട്ട് ചരിഞ്ഞു. ഇതോടെ ബസിലുണ്ടായിരുന്ന വിദ്യാർത്ഥികളും അദ്ധ്യാപകരും പരിഭ്രാന്തിയിലായി. ബസിനുള്ളിൽ നിന്നും കരച്ചിലും ഒച്ചപ്പാടും പുറത്തേയ്ക്കെത്തി. ഇതിനിടെ ഇതുവഴി എത്തിയ മറ്റ് വാഹനങ്ങളിലെ യാത്രക്കാർ രക്ഷപ്രവർത്തനത്തിന് സഹായ ഹസ്തവുമായി എത്തി. ബസ്സിലെ യാത്രക്കാരോട്് ഭയപ്പെടേണ്ടെന്നും ഇരപ്പിടങ്ങളിൽ നിന്നും മാറരുതെന്നും ഇവർ നിർദ്ദേശിച്ചു. ഇതിനകം അടിമാലിയിൽ നിന്നും ഫയർഫോഴ്സും എത്തി.

പാതയുടെ എതിർവശത്തെ മരങ്ങളിൽ കെട്ടിയ വടങ്ങൾ ബസ്സുമായി ബന്ധിപ്പിച്ച്, താഴേയ്ക്ക് പോകാതെ ബസ് സുരക്ഷിതമാക്കിയ ശേഷമാണ് ഫയർഫോഴ്സ് സംഘം യാത്രക്കാരെ പുറത്തിറക്കിയത്. ബസിൽ 48 പേരാണ് ഉണ്ടായിരുന്നത്. ഇതിൽ 32 പേർ പെൺകുട്ടികളും 13 പേർ ആൺകുട്ടികളും 3 പേർ അദ്ധ്യാപകരുമായിരുന്നു. എമർജൻസി ഡോറിലൂടെയും ഡ്രൈവറുടെ ഭാഗത്തുള്ള ഡോറുവഴിയുമാണ് യാത്രക്കാരെ പുറത്തെത്തിച്ചത്.തുടർന്ന് യന്ത്ര സംവിധാനം പ്രയോജനപ്പെടുത്തി ബസ് സുരക്ഷിതമായി റോഡിലെത്തിച്ചു.വലിയ അപകടത്തിൽ നിന്നും രക്ഷപെട്ടതിന്റെ ആശ്വാസം പങ്കിട്ട് ,ഫയർഫോഴ്സ് സംഘത്തിനും നാട്ടുകാർക്കും നന്ദി അർപ്പിച്ച ശേഷമാണ് യാത്ര സംഘം മടങ്ങിയത്.

അടിമാലി ഫയർ സ്റ്റേഷൻ അസി:സ്റ്റേഷൻ ഓഫീസർ സുനിൽ കുമാറിന്റെ നേത്യത്വത്തിൽ നടന്ന രക്ഷപ്രവർത്തനത്തിൽ സഹപ്രവർത്തകരായ രഞ്ജിത്ത്, ജോജി ജോൺ ജോബിൻ ജോസ്, വി യു രാജേഷ്, റ്റി യു ഗിരീശൻ,രാകേഷ് ടി ആർ,സനീഷ് എന്നിവർ പങ്കാളികളായി.