കോഴിക്കോട്: എലത്തൂർ ട്രെയിൻ അക്രമണകേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ കേരളത്തിലെത്തിക്കുന്നതിനിടെ വാഹനം പിന്തുടർന്ന് തത്സമയം വാർത്ത റിപ്പോർട്ട് ചെയ്ത് മാതൃഭൂമി ചാനൽ സംഘത്തിനെതിരെ കേസ്. മാതൃഭൂമി കണ്ണൂർ യൂണിറ്റിലെ റിപ്പോർട്ടർ, ക്യാമറമാൻ, ഡ്രൈവർ എന്നിവർക്കെതിരെയാണ് കോഴിക്കോട് ചേവായൂർ പൊലീസ് കേസെടുത്തത്. ഇവരെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ ശേഷം മൊബൈൽ ഫോണുകൾ പിടിച്ചുവെക്കുന്ന സാഹചര്യവും ഉണ്ടായി. കേസ് ഒത്തുതീർപ്പാക്കാൻ ഉന്നത തലത്തിൽ ചർച്ചകൾ നടന്നതിനാൽ തുടർ നടപടികൾ മന്ദഗതിയിലാവുകയായിരുന്നു. കഴിഞ്ഞ മാസം 30 നാണ് എഫ് ഐ ആർ രേഖപ്പെടുത്തിയത്.

കാസർകോട് ഡിസിആർബി ഡിവൈഎസ്‌പിയും ഭീകരവിരുദ്ധ സ്‌ക്വാഡ് അംഗവുമായ സി എ അബ്ദുൾ റഹ്‌മാനാണ് ചേവായൂർ പൊലീസിൽ പരാതി നൽകിയത്. മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്‌ക്വാഡ് കസ്റ്റഡിയിലെടുത്ത പ്രതിയെ കഴിഞ്ഞ ഏപ്രിൽ അഞ്ചിനാണ് കേരള പൊലീസിന് കൈമാറിയത്. അതിവേഗം കോഴിക്കോട്ടേക്ക് യാത്ര പുറപ്പെട്ട അന്വേഷണ സംഘത്തെ ചാനൽ സംഘം കേസിന്റെ രഹസ്യ സ്വഭാവം മാനിക്കാതെ പിന്തുടരുകയായിരുന്നു. തിരിച്ചറിയൽ പരേഡ് ഉൾപ്പെടെ പൂർത്തീകരിക്കേണ്ടതായ കേസിലെ തെളിവ് നശിപ്പിക്കുന്നതിനുതകും വിധം പ്രതിയുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും ജീവന് പോലും അപകടകരമാംവിധം സംഘം പൊലീസ് സംഘത്തെ തടഞ്ഞുവെച്ചു.

അന്വേഷണ സംഘത്തിന്റെ വാഹനത്തിന്റെ ടയർ പഞ്ചറായപ്പോൾ ടയർ മാറ്റാൻ നിർത്തിയപ്പോഴും ദൃശ്യങ്ങൾ ചിത്രീകരിച്ചു. പൊലീസ് സംഘത്തെ ബുള്ളറ്റിലും ഇന്നോവയിലുമായി പിന്തുടർന്ന് ജീവഭയം ഉണ്ടാക്കുകയും ചെയ്തുവെന്ന് എഫ് ഐ ആറിൽ വ്യക്തമാക്കുന്നു. ഐപിസി 341,353,201,506,34 എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. മാർഗതടസം സൃഷ്ടിക്കുക, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുക, തെളിവ് നശിപ്പിക്കുക, ഭീഷണിപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങളാണ് മാധ്യമപ്രവർത്തകർക്കെതിരെയുള്ളത്. മാധ്യമ പ്രവർത്തകരെ പൊലീസ് കോഴിക്കോട്ട് വിളിച്ചുവരുത്തി ചോദ്യം ചെയ്തു.

ഇതേ സമയം പ്രതിയെ കോഴിക്കോട്ടെത്തിക്കുന്നതിനിടെയുണ്ടായ വീഴ്ചകളാണ് ദൃശ്യങ്ങൾ സഹിതം മാധ്യമ പ്രവർത്തകർ റിപ്പോർട്ട് ചെയ്തത്. ഇതോടെ സർക്കാറും പ്രതിസന്ധിയിലായി. ഈ പശ്ചാത്തലത്തിലാണ് ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്തത്. കേസ് രജിസ്റ്റർ ചെയ്‌തെങ്കിലും വാർത്ത രഹസ്യമാക്കിവെച്ചു. ഉന്നത ഇടപെടൽ കാരണം എഫ്‌ഐആറിൽ പ്രതികളുടെ പേര് ചേർത്തിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് മാതൃഭൂമി സംഘത്തിനെതിരെയല്ല കണ്ടാലറിയാവുന്നവർക്കെതിരെയാണ് കേസ് എടുത്തതെന്ന ന്യായികരണവുമായി പൊലീസ് രംഗത്തെത്തിയത്.