ന്യൂഡൽഹി:വിഴിഞ്ഞം സമരം രൂക്ഷമായി തുടരുന്നതിനിടെ സർക്കാരിനോട് നിർദ്ദേശങ്ങളുമായി ഓർത്തഡോക്‌സ് സഭാധ്യക്ഷൻ ബസേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ. വിഴിഞ്ഞം സമരക്കാരോട് സർക്കാരിന്റെ പ്രതികാര നടപടി പാടില്ലെന്ന് കാതോലിക്ക ബാവ പറഞ്ഞു. പ്രതികാര നടപടികളിലൂടെ സമരത്തെ ഇല്ലാതാക്കാൻ ആകില്ലെന്നും പ്രശ്‌നം പരിഹരിക്കാൻ ഇടപെടണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്നും ബാവ വ്യക്തമാക്കി.

ഓർത്തഡോക്‌സ് സഭയുടെ അഭിപ്രായം കണക്കിലെടുത്താൽ അത് വിഴിഞ്ഞം പദ്ധതി നടപ്പാക്കാൻ അനുവദിക്കണമെന്ന് തന്നെയാണ്.പക്ഷേ തീരവാസികളെ വിശ്വാസത്തിലെടുത്ത് വേണം പദ്ധതി നടപ്പാക്കാനെന്ന് മാത്രം.ആളുകളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്.സമരം കൈവിട്ട് പോകുന്ന അപകടകരമായ അവസ്ഥയിലേക്ക് പോകരുത്.പ്രതികാര നടപടികളിലൂടെ സമരത്തെ ഇല്ലാതാക്കാനാകില്ലെന്നും സ്വത്തിനും ജീവനും സുരക്ഷ ഉറപ്പാക്കി വേണം പദ്ധതി നടപ്പാക്കാനെനന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം വിഴിഞ്ഞത്ത് സമരം കൂടുതൽ രൂക്ഷമായി തുടരുകയാണ്.സമരമേഖലയിൽ വീണ്ടും സംഘർഷാവസ്ഥ ഉടലെടുത്തു.കസ്റ്റഡിയിലെടുത്ത അഞ്ചുപേരെ വെറുതെ വിടണമെന്നാവശ്യപ്പെട്ട് വിഴിഞ്ഞം പൊലീസ് സ്റ്റേഷന് മുന്നിൽ സമരസമിതി പ്രവർത്തകർ തടിച്ചുകൂടിയിട്ടുണ്ട്.രണ്ട് പൊലീസ് ജീപ്പുകൾ സമരക്കാർ അക്രമിച്ചു.