തിരുവനന്തപുരം: ബാലരാമപുരത്ത് അറുപതുകാരിയായ സുഗുണാ ദേവിയെ കൊലപ്പെടുത്തിയ കേസിൽ ചെറുമകളുടെ ഭർത്താവിനെതിരെ പൊലീസ് കുറ്റപത്രം തലസ്ഥാന പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയിൽ സമർപ്പിച്ചു. പാറക്കുഴി മേക്കേക്കര ബിന്ദു ഭവനിൽ നന്ദകുമാർ എന്ന നന്ദു (25)വിനെ ഏക പ്രതിയാക്കിയാണ് കുറ്റപത്രം. പട്ടികജാതി പീഡന നിയമം കൂടി കൊലക്കുറ്റത്തിനൊപ്പം ചുമത്തിയതിനാലാണ് ഫയലിങ് കോടതിയായ പ്രിൻസിപ്പൽ ജില്ലാ കോടതിയിൽ ക്രൈം ബ്രാഞ്ച് നേരിട്ട് കുറ്റപത്രം സമർപ്പിച്ചത്.

നന്ദകുമാറിന്റെ ഭാര്യയുടെ മുത്തശ്ശിയാണ് കൊല്ലപ്പെട്ട സുഗുണാദേവി. 2023 മാർച്ച് 1 നാണ് സംഭവം നടന്നത്. ബാലരാമപുരം പാറക്കുഴി ബിന്ദുഭവനിൽ അറുപതുകാരി സുഗുണാദേവി മരിച്ചനിലയിൽ കാണപ്പെട്ട സംഭവത്തിലാണ് നന്ദകുമാറിനെ ബാലരാമപുരം പൊലീസ് അറസ്റ്റ് ചെയ്തത്. നന്ദകുമാറിന്റെ ഭാര്യയുടെ മുത്തശ്ശിയാണ് മരിച്ച സുഗുണാദേവി. ഇവർക്കൊപ്പം അവരുടെ വീട്ടിലാണ് കൂലിപ്പണിക്കാരനായ നന്ദകുമാറും ഭാര്യയും താമസിച്ചിരുന്നത്.

2023 മാർച്ച് ഒന്നിന് രാവിലെ 7 മണിയോടെ ബാത്ത് റൂമിലേക്ക് പോകവെ സ്ലാബിൽ തട്ടിവീണ് സുഗുണാദേവി മരിച്ച നിലയിൽ കാണപ്പെട്ടുവെന്നാണ് നന്ദകുമാർ ആദ്യം നൽകിയ മൊഴി. അസ്വാഭാവികത തോന്നിയതോടെ കൂടുതൽ ചോദ്യം ചെയ്യലിൽ കൊലപാതകം സ്ഥിരീകരിക്കുകയായിരുന്നു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ മൃതദേഹത്തിലെ പരിക്കുകൾ ആയുധങ്ങളാൽ പരിക്കേൽപ്പിച്ചാൽ ഉണ്ടാകാൻ സാധ്യതയുള്ളതാണെന്ന കണ്ടെത്തലാണ് കേസിൽ വഴിത്തിരിവായത്. ചോദ്യം ചെയ്യലിൽ പ്രതി സ്‌ക്രൂഡ്രൈവർ കൊണ്ട് തലയ്ക്കടിക്കുകയും ഇരുമ്പ് കട്ടിലിന്റെ കാൽ കൊണ്ട് നെഞ്ചിലും ദേഹത്തും പരിക്കേൽപ്പിച്ചതായും കുറ്റസമ്മത മൊഴി നൽകി. മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിയുടെ സാന്നിധ്യത്തിൽ നടത്തിയ തെളിവെടുപ്പിൽ പ്രതി തന്നെ ആയുധങ്ങൾ പൊലീസിന് എടുത്തു നൽകി.

കൃത്യം നടത്തി പുറത്തേക്ക് പോയതിനു പിന്നാലെ പ്രതി തന്നെ പൊലീസിൽ വിളിച്ചറിയിക്കുകയായിരുന്നു. ഭാര്യ ഗർഭിണിയാണെന്നും അഞ്ച് മാസത്തേക്ക് സുഗുണാദേവിയെ മാറ്റിപ്പാർപ്പിക്കണമെന്നും നന്ദകുമാർ സുഗുണാദേവിയുടെ മകനോടും ബന്ധുക്കളോടും ആവശ്യപ്പെട്ടെങ്കിലും ആരും കൂട്ടാക്കിയില്ല. ഇതേച്ചൊല്ലി ഭാര്യയുമായി വഴക്കും നടന്നിരുന്നു. സുഗുണാദേവിയെ ആരും ഏറ്റെടുക്കാൻ തയ്യാറായില്ലെന്നും ബന്ധുക്കൾ സംരക്ഷണമൊരുക്കിയില്ലെന്നും പൊലീസിന് ഇയാൾ മൊഴി നൽകിയിട്ടുണ്ട്. റൂറൽ എസ്‌പി,നെയ്യാറ്റിൻകര എ.എസ്‌പി, ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പി, ബാലരാമപുരം സിഐ ശ്രീകാന്ത് മിശ്ര, എസ്‌ഐ അജിത്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതിയെ ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.