തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ടത് കൊണ്ടാണ് ദുരിതാശ്വാസ നിധിയിലേക്ക് താന്‍ ഒരുമാസത്തെ ശമ്പളം നല്‍കിയതെന്ന് രമേശ് ചെന്നിത്തല. ദുരിതാശ്വാസ നിധിയിലേക്ക് തന്റെ ഒരു മാസത്തെ ശമ്പളം നല്‍കാനുള്ള തീരുമാനം ശരിയായ നിലപാടുതന്നെയാണ്. രാഷ്ട്രീയത്തിനതീതമായി ഒരുമിച്ച് നില്‍ക്കേണ്ട ഘട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കാനുള്ള തീരുമാനത്തിനെതിരേ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ നടത്തിയ പ്രസ്താവന സംബന്ധിച്ചും ചെന്നിത്തല മറുപടി നല്‍കി. 'സുധാകരന്‍ എന്നെ വിളിച്ചിരുന്നു, എനിക്കെതിരെ ഒന്നും പറഞ്ഞില്ലെന്ന് പറഞ്ഞു. അത് ഞാന്‍ വിശ്വാസത്തിലെടുക്കുന്നു', ചെന്നിത്തല പറഞ്ഞു.

ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുന്നതിന് എല്ലാവരും ഒരുമിച്ച് നില്‍ക്കുകയാണ് വേണ്ടത്. അതുകൊണ്ടാണ് എംഎല്‍എ എന്ന നിലയില്‍ ലഭിക്കുന്ന ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാന്‍ തീരുമാനിച്ചത്. പ്രളയം ഉണ്ടായിരുന്ന സമയത്തും താന്‍ നല്‍കിയിരുന്നു. അന്ന് യുഡിഎഫ് എംഎല്‍എമാരെല്ലാം സിഎംഡിആര്‍എഫിലേക്ക് സംഭാവന നല്‍കിയിരുന്നു. അത് ശരിയായ നടപടിയാണെന്നാണ് തന്റെ വിശ്വാസമെന്നും ചെന്നിത്തല വ്യക്തമാക്കി.

'കെപിസിസി പ്രസിഡന്റ് എന്നെ ഫോണില്‍ വിളിച്ചിരുന്നു.എനിക്കെതിരെ ഒന്നും സംസാരിച്ചിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹം പറഞ്ഞത് ഞാന്‍ വിശ്വസിക്കുന്നു. വിദേശയാത്ര വെട്ടിച്ചുരുക്കിയാണ് സുധാകരന്‍ വയനാട്ടില്‍ എത്തിയിട്ടുള്ളത്. ഇന്നുചേരുന്ന കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതിയില്‍ വയനാട്ടില്‍ ജനങ്ങളെ എങ്ങനെ സഹായിക്കണമെന്ന് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസില്‍ ഇക്കാര്യത്തില്‍ ഒരു അഭിപ്രായ വ്യത്യാസവുമില്ല', ചെന്നിത്തല പറഞ്ഞു.

ഇത്തരം കാര്യങ്ങളില്‍ രാഷ്ട്രീയം കാണേണ്ടതില്ല. ഓരോരുത്തര്‍ക്കും ചെയ്യാന്‍ കഴിയുന്ന സഹായം ആ പാവപ്പെട്ട ജനതയ്ക്ക് നല്‍കുക എന്നുള്ളത് മാത്രമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കണമെന്ന് പ്രതിപക്ഷ നേതാവും പറഞ്ഞിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് വകമാറ്റി ചെലവാക്കുമ്പോള്‍ അതിനെതിരെ പോരാടിയിട്ടുണ്ട്. ലോകായുക്തയില്‍ കേസ് വരെ നല്‍കിയിട്ടുണ്ട്. വകമാറ്റി ചെലവാക്കുമ്പോള്‍ പണ്ട് എതിര്‍ത്തതുപോലെ ഞങ്ങള്‍ എതിര്‍ക്കും. പക്ഷേ, ഇപ്പോള്‍ അതിന്റെ അവസരമല്ല. രാഷ്ട്രീയം കാണേണ്ട അവസരമല്ല. പാര്‍ട്ടി ചെയ്യേണ്ട കാര്യങ്ങള്‍ പാര്‍ട്ടി ചെയ്യും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക നല്‍കേണ്ടത് ആ നിലക്ക് ചെയ്യുമെന്നും ചെന്നിത്തല പറഞ്ഞു.