തിരുവനന്തപുരം:പൂവാറിൽ തിരയിൽപ്പെട്ട ഒന്നരവയസ്സുകാരന് ദാരുണാന്ത്യം.വീടിന് സമീപമുള്ള കടൽത്തീരത്തു കളിക്കുന്നതിനിടെ തിരയിൽപ്പെട്ട ഫാബിയോയാണ് മരിച്ചത്.പുതിയതുറ ഫിഷ് ലാൻഡിങ് സെന്ററിനു സമീപമാണ് കുട്ടി അപകടത്തിൽപ്പെട്ടത്.പൂവാർ കരുംകുളം പുതിയതുറ കളപ്പുര ഹൗസിൽ ഉണ്ണി സജിത ദമ്പതികളുടെ മകനാണ് ഒന്നരവയസ്സുകാരനായ ഫാബിയോ.

അമ്മ സജിത കുടുംബശ്രീ യോഗത്തിനുപോയ സമയത്താണ് അപകടം നടന്നത്.കുഞ്ഞിനെ സഹോദരനെ ഏൽപ്പിച്ചശേഷമായിരുന്നു അമ്മ സജിത യോഗത്തിനുപോയത്.സഹോദരന്റെ ശ്രദ്ധ മാറിയപ്പോൾ കുട്ടി കടൽത്തീരത്തേക്കു പോയി അപകടത്തിൽപ്പെടുകയായിരുന്നുവെന്നും പൂവാർ കോസ്റ്റൽ പൊലീസ് പറഞ്ഞു.

സഹോദരന്റെ കരച്ചിൽ കേട്ട് ഓടിക്കൂടിയവർ കൂട്ടിയെ രക്ഷപ്പെടുത്തി കാഞ്ഞിരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി.തുടർന്ന് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം പുതിയതുറയിലെ സെന്റ് നിക്കോളസ് ചർച്ച് സെമിത്തേരിയിൽ അടക്കി.