തിരുവനന്തപുരം:സംസ്ഥാനത്തെ സ്‌കൂളുകളിലെ ക്രിസ്മസ് പരീക്ഷകൾ ഡിസംബർ 12 ന് ആരംഭിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.12 ന് ആരംഭിക്കുന്ന പരീക്ഷകൾ പൂർത്തിയാക്കി 23 മുതൽ ജനുവരി രണ്ടുവരെ ക്രിസ്മസ് അവധി നൽകാനും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന വിദ്യാഭ്യാസ ഗുണമേന്മാസമിതി യോഗം തീരുമാനിച്ചു.

വിദ്യാഭ്യാസ കലണ്ടറനുസരിച്ച് ഡിസംബർ മൂന്നിന് സ്‌കൂൾ പ്രവൃത്തിദിനമായിരുന്നത് ജനുവരി ഏഴിലേക്ക് പുനഃക്രമീകരിക്കാനും യോഗത്തിൽ തീരുമാനമായി.ഡിസംബർ മൂന്ന് ആറാമത്തെ പ്രവൃത്തിദിനമായതിനാൽ ഒഴിവാക്കണമെന്ന പൊതു ആവശ്യം ഉയർന്നതിനാലാണ് ഈ നടപടി.
കൂടാതെ സ്‌കൂൾ പച്ചക്കറിത്തോട്ടം പദ്ധതി നടപ്പാക്കാൻ മതിയായ സാവകാശം അനുവദിക്കാനും സമിതി തീരുമാനിച്ചിട്ടുണ്ട്.സംരക്ഷിത അദ്ധ്യാപകർക്ക് മാതൃവിദ്യാലയത്തിൽനിന്ന് മാറ്റം കിട്ടുന്നതുവരെയുള്ള കാലയളവ് അംഗീകൃത അവധിയായി പരിഗണിക്കാൻ നടപടിയെടുക്കുമെന്നും ഗുണമേന്മാ സമിതി യോഗം തീരുമാനിച്ചു.