കോഴിക്കോട്: വീട്ടിൽ അതിക്രമിച്ച് കയറി മുറ്റത്ത് നിർത്തിയിട്ട കാറും സ്‌കൂട്ടറും പെട്രോളൊഴിച്ച് തീവെച്ച കേസിലെ മുഖ്യപ്രതിയും കത്തിക്കാൻ നിർദ്ദേശം നൽകിയയാളും പിടിയിൽ. വാഹനം കത്തിച്ച ചെറുവണ്ണൂർ കൊളത്തറ പാറക്കണ്ടി നൂർ മഹൽ സുൽത്താൻ നൂർ (22), കത്തിക്കാൻ നിർദ്ദേശം നൽകിയ ചെറുവണ്ണൂർ കണ്ണാട്ടിക്കുളം ഊട്ടുകളത്തിൽ സജിത്ത് (34) എന്നിവരെയാണ് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ കെ ഇ ബൈജുവിന്റെ കീഴിലുള്ള സ്‌പെഷ്യൽ ആക്ഷൻ ഗ്രൂപ്പും നല്ലളം ഇൻസ്‌പെക്ടർ കെ എ ബോസിന്റെ നേതൃത്വത്തിലുള്ള നല്ലളം പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.

ചെറുവണ്ണൂർ ആശാരിക്കണ്ടി പറമ്പ് വള്ളിക്കാട് ആനന്ദ് കുമാറിന്റെ വീട്ടിൽ അതിക്രമിച്ച് കയറിയാണ് വാഹനങ്ങൾ കത്തിച്ചത്. ഫെബ്രുവരി 11 ന് അർദ്ധരാത്രിയാണ് സംഭവം. വീട്ടുവളപ്പിൽ മൂന്ന് കുപ്പികളിൽ പെട്രോളുമായി കയറുന്നതും കാറിലും ബൈക്കിലും തീ കൊളുത്തിയ ശേഷം ഓടിപ്പോകുന്നതുമായ ദൃശ്യങ്ങൾ സി സി ടിവിയിൽ നിന്നും പൊലീസിന് ലഭിച്ചിരുന്നു. സംഭവ സമയത്ത് ആനന്ദ് കുമാറിന്റെ പ്രായമായ മാതാവ് ഉൾപ്പെടെ മൂന്നു പേരാണ് വീട്ടിലുണ്ടായിരുന്നത്.

നാട്ടുകാർ ഓടിക്കൂടി തീ കെടുത്തിയതിനാലാണ് വൻ ദുരന്തം ഒഴിവായത്. പൊലീസ് സമീപ പ്രദേശങ്ങളിലെയും പെട്രോൾ പമ്പുകളിലെയും സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. സുൽത്താനെ പൊലീസ് അന്വേഷിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ സജിത് ഇയാളെ വയനാട്ടിൽ ഒളിപ്പിക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടുകയായിരുന്നു.

നല്ലളം പൊലീസിന്റെ ക്രിമിനൽ ലിസ്റ്റിൽ ഉൾപ്പെട്ട സുൽത്താനെതിരെ അടിപിടി കേസുകളും ലഹരി മരുന്ന് കേസുകളും നിലവിലുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സജിത്തിന്റെ നിർദ്ദേശ പ്രകാരമാണ് കൃത്യം നടത്തിയതെന്ന് സമ്മതിച്ചത്. തുടർന്ന് സജിത്തിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. സുഹൃത്തിനെ സ്വത്ത് തർക്കത്തിന്റെ പേരിൽ മർദ്ദിച്ചതിന്റെ പ്രതികാരമായിട്ടാണ് സുൽത്താനെ കുറ്റകൃത്യം നടത്താൻ ഏൽപ്പിച്ചതെന്ന് ഇയാൾ പൊലീസിനോട് സമ്മതിക്കുകയായിരുന്നു. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് ഫറോക്ക് അസി. കമ്മീഷണർ എ എം സിദ്ദിഖ് അറിയിച്ചു.

സ്‌പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ് ഇൻസ്‌പെക്ടർ ഒ മോഹൻദാസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, ഷഹീർ പെരുമണ്ണ, സിവിൽ പൊലീസ് ഓഫീസർ എ കെ അർജ്ജുൻ, നല്ലളം പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർമാരായ എം കെ രഞ്ജിത്ത്, എം രവി, സീനിയർ സിവിൽ പൊലീസ് ഓഫീസർ സി തഹ്‌സിം, രഞ്ജിത്ത്, ഡ്രൈവർ സിപിഒ അരുൺ ഘോഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.