കണ്ണൂർ: കൂത്തുപറമ്പ് നഗരസഭയിലെ തൃക്കണ്ണാപുരത്ത് നിർമ്മാണം നടക്കുന്ന വീട്ടിൽ ജോലിചെയ്യുകയായിരുന്ന തൊഴിലാളികളെ കൊള്ളയടിച്ച സംഭവത്തിൽ കൂത്തുപറമ്പ് പൊലിസ് കേസെടുത്തു അന്വേഷണം ഊർജ്ജിതമാക്കി. തൃക്കണ്ണാപുരത്തെ ബിജിത്തിന്റെ വീട്ടിലാണ് മോഷണം നടന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് തൊഴിലാളികൾ ജോലിചെയ്യുന്നതിനിടെയാണ മധ്യവയസ്‌കനായ മോഷ്ടാവ് വീട്ടിൽ എത്തിയത്. തുടർന്ന് അവിടെ ചുറ്റിതിരിഞ്ഞ ശേഷം ഇയാൾ ജോലിയിൽ മുഴുകിയ തൊഴിലാളികളുടെ പഴ്‌സിലെ പണവും ആധാറും എടിഎം കാർഡും കൊണ്ട് മുങ്ങിയെന്നാണ് പരാതി.

സ്ഥലക്കച്ചവടത്തിനാണെന്ന് പറഞ്ഞാണ് ഇയാൾ വീട്ടിൽ എത്തിയത്. രണ്ട് നിലകളിലായി പാനൂർ സ്വദേശികളായ നാല് തൊഴിലാളികളാണ് ഉണ്ടായിരുന്നത്. അവിടേക്ക് ശനിയാഴ്‌ച്ച ഉച്ചയ്ക്ക് ഒരു മണിയോടെ പാന്റ്സും ഷർട്ടും മാസ്‌കും ധരിച്ച മധ്യവയസ്‌കനെത്തുകയായിരുന്നു. സ്ഥലക്കച്ചവടക്കാരനാണെന്നും വീട് നോക്കാൻ വന്നതാണെന്നും പറഞ്ഞ് സ്വയം പരിചയപ്പെടുത്തുകയായിരുന്നു.

പന്തികേട് തോന്നിയ തൊഴിലാളികൾ മധ്യവയസ്‌കനെ പറഞ്ഞയച്ചു. പിന്നീട് ഉച്ചഭക്ഷണം കഴിക്കാൻ പഴ്സ് നോക്കിയപ്പോഴാണ് എല്ലാവരുടെയും പണവും എടിഎം കാർഡും ആധാർ കാർഡുമെല്ലാം നഷ്ടപ്പെട്ടത് അറിഞ്ഞത്. മധ്യവസയ്കൻ വീണ്ടുമെത്തി ഇവ മോഷ്ടിച്ചെന്നാണ് ഇവരുടെ നിഗമനം. പ്രതിക്കായി കൂത്തുപറമ്പ് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പ്രദേശത്തെ സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചുവരികയാണ്. പ്രതിയെ കുറിച്ചു സൂചനലഭിച്ചതായാണ് പൊലിസ് നൽകുന്ന വിവരം.