കൊച്ചി: കളമശ്ശേരി മെട്രോ സ്റ്റേഷന് സമീപത്തു നിന്നും എംഡിഎംഎ യുമായി യുവാവ് പിടിയിലായി. ആലുവ, നസ്രത്ത്, ജൂബിലി റോഡിൽ, കൈപ്പറമ്പാട്ടു വീട്ടിൽ, നിഖിൽ പോൾ (28) ആണ് പിടിയിലായത്. പ്രതിയിൽ നിന്നും 5.4 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.

കൊച്ചി സിറ്റി ഡാൻസാഫും, കളമശ്ശേരി പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ആലുവ, കളമശ്ശേരി ഭാഗങ്ങളിൽ മയക്കുമരുന്ന് വില്പന നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയാണിയാൾ. ഖത്തറിൽ പെട്രോളിയം ഷിപ്പിൽ ജോലി ചെയ്തിരുന്ന പ്രതി 2020 ൽ നാട്ടിലെത്തിയ ശേഷം ടാക്‌സി ഓടിക്കുകയാണ്. ഇതിന്റെ മറവിലാണ് മയക്കുമരുന്ന് വില്പന നടത്തി വന്നത്.

സിഡിഎം വഴി അക്കൗണ്ടിലേക്ക് പണമയച്ചുകൊടുത്താൽ കാറിൽ ഞൊടിയിടയിൽ വന്ന് മയക്കുമരുന്ന് കൈമാറി തിരിച്ചു പോവുകയാണ് ഇയാൾ ചെയ്യുന്നത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കെ.സേതുരാമൻ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ എസ്.ശശിധരൻ ഐപിഎസിന്റെ നിർദ്ദേശ പ്രകാരം നാർക്കോട്ടിക് സെൽ അസി.കമ്മീഷണർ കെ.എ.അബ്ദുൾ സലാമിന്റെ നേതൃത്വത്തിൽ കളമശ്ശേരി ഇൻസ്‌പെക്ടർ വിപിൻദാസ്, എസ്‌ഐമാരായ വിനോജ്. എ, സുബൈർ വി.എ, അരുൺ, എഎസ്ഐ. ബദർ, മനാഫ്, സി.പി.ഒ. ഷിബിൻ. എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.