അടിമാലി: എംഡിഎംഎ (മെത്തലീൻ ഡയോക്‌സി മെത്താ ആംഫിറ്റമിൻ) യുമായി നേര്യമംഗലം സ്വദേശികൾ ഉൾപ്പെടെ 3 പേർ പിടിയിൽ. ഓണം സ്‌പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് അടിമാലി എക്‌സൈസ് റേഞ്ച് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് മൂവർ സംഘം പിടിയിലായത്.

അടിമാലി കൊരങ്ങാട്ടി റോഡിലുള്ള ലോഡ്ജിൽ സംശയാസ്പദമായി കണ്ട യുവാക്കൾ താമസിച്ചിരുന്ന ലോഡ്ജ് മുറിയിലെത്തി വിശദമായി പരിശോധന നടത്തിയപ്പോഴാണ് 2.042 ഗ്രാം എംഡി എം എ കണ്ടെടുത്തത്.

നേര്യമംഗലം മുരീക്കൽ വീട്ടിൽ ജോൺസൺ എൽദോസ്, കാനാട്ടുകുടിയിൽ അനിലേഷ് തങ്കൻ, മുവാറ്റുപുഴ കുന്നക്കാൽ കരയിൽപടിഞ്ഞാറേ മുറി തോട്ടത്തിൽ ആൽവിൻ ചാക്കോ എന്നിവരാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.

മെത്ത്, പാർട്ടി ഡ്രഗ് എന്ന പേരുകളിൽ അറിയപ്പെടുന്ന മാരക രാസ ലഹരിമരുന്നായ എം ഡി എം എ കൈവശം സൂക്ഷിക്കുന്നത് ഒരു ലക്ഷം രൂപ പിഴയുംപത്ത് വർഷം വരെ തടവ് ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്.

പ്രതികളെ അടിമാലി കോടതിയിൽ ഹാജരാക്കും. അടിമാലി റേഞ്ച് ഇൻസ്‌പെക്ടർ എ കുഞ്ഞുമോന്റെ നേതൃത്തിൽ നടത്തിയ റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ പി എ സെബാസ്റ്റ്യൻ, സിവിൽ എക്‌സൈസ് ഓഫീസർ മീരാൻ കെ എസ് ഡൈവർ ശരത് എസ് പി എന്നിവർ പങ്കെടുത്തു.