മറയൂർ:വീട് കവർച്ച നടത്തിയ സംഘത്തിലെ മുഖ്യപ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് കടന്നു കളഞ്ഞു. മറയൂരിൽ കോട്ടക്കുളം ഭാഗത്ത് വീട് തകർത്ത് കവർച്ച നടത്തിയ സംഭവത്തിൽ തമിഴ്‌നാട്ടിൽ നിന്നുള്ള കൊടും കുറ്റവാളികളിൽ പ്രധാനിയായ ബാലമുരുകൻ (33) ആണ് പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടി രക്ഷപെട്ടത്.

വർക്ക് ഷോപ്പ് ഉടമയായ കോട്ടക്കൂളം സതീശന്റെ വീടിന്റെ വാതിൽ തകർത്ത് വീടിനൂള്ളിൽ കയറി കിടപ്പുമുറിയുടെ വാതിൽ തകർക്കുകയും വീട്ടുകാരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ് ബാലമുരുകൻ. മറയൂർ പത്തടിപ്പാലം പുഷ്പാഗതന്റെ വീട്ടിൽ നിന്നും നായ്കുട്ടികളെ മോഷണം നടത്തിയ കേസിലും പ്രതിയാണ്. ഓഗസ്റ്റ് 12 ന് മറയുരിൽ വച്ചാണ് ബലമുരുകൻ ഉൾപ്പെട്ട നാലാംഗ സംഘത്തെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടി ദേവികുളം കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തത് .

കേസിന്റെ തുടർ അന്വേഷണത്തിനായി പ്രതിയായ ബാലമുരുകനെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. മറയൂർ എസ് ഐ അശോക് കുമാറിന്റെ നേതൃത്വത്തിൽ ഉള്ള പൊലീസ് സംഘം പ്രതിയെയും കൂട്ടി തമിഴ്‌നാട്ടിലെ തിരുനെൽവേലിയിലെ അന്വേഷണത്തിന് ശേഷം തിരികെ വരവെ കൊടൈക്കനാൽ റോഡിലെ ടോൾ ഗേറ്റിൽ വച്ച് ഞായർ ഉച്ചക്ക് 1 മണിക്ക് മൂത്രമൊഴിക്കാണെന്ന് പറഞ്ഞ് ടോയ്ലെറ്റിൽ എത്തിച്ചപ്പോഴാണ് പൊലീസ് സംഘത്തെ വെട്ടിച്ചു പ്രതിയായ ബാലമുരുകൻ കടന്നു കളഞ്ഞത്.

സംഭവത്തെ തുടർന്ന് മറയൂർ എസ് ഐ അശോക് കുമാർ തമിഴ്‌നാട് അമ്മനയ്ക്കന്നൂർ പൊലീസിൽ പരാതി നൽകി പ്രതിക്കായി തിരച്ചിൽ ആരംഭിച്ചു. തമിഴ് നാട്ടിൽ കൊലപാതകം , കവർച്ച, മോഷണം ,ആക്രമണം ഉൾപ്പെടെ അൻപത്തി മൂന്ന് കേസുകളിൽ പ്രതിയായ മുപ്പടാതി അമ്മൻ കോവിൽ സ്ടീറ്റ് സ്വദേശിയാണ് ബാലമുരുകൻ (33)