അടിമാലി: വീട്ടിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിൽ. അടിമാലി നാർക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്‌ക്വാഡിലെ സർക്കിൾ ഇൻസ്‌പെക്ടർ രാജേന്ദ്രൻ കെയും പാർട്ടിയും ചേർന്ന് രഹസ്യ വിവരത്തെ തുടർന്ന് രാജാക്കാട് പഴയ വിടുതി കോളനി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് പള്ളിക്കവല മാണിപ്പുറത്ത് ജോയി മകൻ സനീഷ് എം.ജി(27) പിടിയിലാവുന്നത്.

ഇയാൾ നട്ടുവളർത്തി പരിപാലിച്ചു വന്നിരുന്ന 246 സെന്റീമീറ്റർ നീളമുള്ള വലിയ ചെടിയും 66 സെന്റീമീറ്റർ നീളമുള്ള മറ്റൊരു ചെടിയുമാണ് സനീഷിന്റെ വീട്ടിൽ നിന്നും എക്‌സൈസ് സംഘം കണ്ടെത്തിയത്. ഇത്തരത്തിൽ കഞ്ചാവ് ചെടി നട്ടു വളർത്തുന്നത് പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്

പ്രതിയെ അടിമാലി കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. പ്രിവന്റീവ് ഓഫിസർ പ്രദീപ് കെ. വി, ദിലീപ് എൻ.കെ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സുരേഷ് കെ.എം, ധനിഷ് പുഷ്പചന്ദ്രൻ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ സിമി ഗോപി എന്നിവരും പരിശോധനയിൽ പങ്കെടുത്തു.