ആലപ്പുഴ: പുതുപ്പള്ളി-പ്രയാർ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ 1 ലിറ്റർ ചാരായവുമായി ധന്യ കുടുങ്ങിയത് എക്‌സൈസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ. സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി, കായംകുളം എക്‌സൈസ് സംഘമാണ് ധന്യയെ അറസ്റ്റു ചെയ്തത്.

തുടർന്ന് പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ, കരുനാഗപ്പള്ളി ക്ലാപ്പന വില്ലേജിൽ ഇവർ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നടത്തിയ പരിശോധനയിൽ 4 ലിറ്റർ ചാരായവും, 440 ലിറ്റർ കോടയും, വാറ്റുപകരണങ്ങളും കൂടി കണ്ടെടുത്തു. ഇവരുടെ ഭർത്താവ് ഗൾഫിലാണ്. ക്രിസ്മസ് ന്യൂഇയർ ആഘോഷങ്ങൾക്ക് ചാരായം വാറ്റി വിൽക്കുന്നതിനായാണ് ഇവർ വീട്ടിൽ വലിയ അളവിൽ വാഷ് തയ്യാറാക്കി സൂക്ഷിച്ചിരുന്നത്. ഇവർക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്.

പ്രിവന്റീവ് ഓഫീസർ സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ ബിനു.ങ.ഇ, സിവിൽ എക്‌സൈസ് ഓഫീസർ ദീപു.ഏ, പ്രവീൺ.ങ, രാഹുൽ കൃഷ്ണൻ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ശ്രീജ.ട.ജ, എക്‌സൈസ് ഡ്രൈവർ ഭാഗ്യനാഥ്.ജ എന്നിവർ ഉണ്ടായിരുന്നു.

പൊതുജനങ്ങൾക്ക് ലഹരി ഉപയോഗത്തെയും വില്പനയെയും കുറിച്ചുള്ള വിവരങ്ങൾ കായംകുളം എക്‌സൈസ് റേഞ്ച് ഓഫീസിന്റെ 04792444060, 9400069505 എന്നീ നമ്പറുകളിൽ നൽകാവുന്നതാണ്.