കൊച്ചി : വൈപ്പിനിലെ സിഐടിയു തൊഴിലാളികളുടെ കൊലവിളിയിൽ ജില്ലാ വ്യവസായ കേന്ദ്രം സംസ്ഥാന സർക്കാരിന് റിപ്പോർട്ട് നൽകി. സിഐടിയു നേതാവ് അനിൽ കുമാർ സ്ഥാപന ഉടമയെ ഭീഷണിപ്പെടുത്തിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ഉടമ വഴങ്ങാതെ വന്നതോടെയാണ് ഇവർ ഗോഡൗണിന് മുന്നിൽ സംഘർഷമുണ്ടാക്കിയത്. സ്ഥാപന ഉടമയുടെ ഭർത്താവിനെ സിഐടിയു തൊഴിലാളികൾ കയ്യേറ്റം ചെയ്‌തെന്നും വ്യവസായ മന്ത്രിയുടെ ഓഫീസിന് നൽകിയ റിപ്പോർട്ടിലുണ്ട്.അഞ്ച് താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണം എന്നാവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടയിലാണ് സിഐടിയു നേതാക്കൾ വനിത സംരംഭകയ്ക്ക് നേരെ കൊലവിളി നടത്തിയത്.

ഇതിൽ സിഐടിയു നേതാവ് അനിൽ കുമാറടക്കം ഏഴ് പേർക്ക് എതിരെ പൊലീസ് കേസെടുത്തിരുന്നു. ഭർത്താവിനെ മർദ്ദിച്ചെന്നും ഗ്യാസ് ഏജൻസി ഉടമ ഉമ സുധീർ പരാതിയിലുണ്ട്. സംഭവത്തിൽ പട്ടികജാതി-പട്ടിക വർഗ കമ്മീഷനും പൊലീസിനോട് റിപ്പോർട്ട് തേടി. സിഐടിയു ഉപരോധ സമരം തുടരുന്ന സാഹചര്യത്തിൽ ഗ്യാസ് ഏജൻസിക്ക് പൊലീസ് സംരംക്ഷണം തേടി ഉടമ ഹൈക്കോടതിയെ സമീപിച്ചു.