കോഴിക്കോട്: കേരള നിയമസഭാ സ്പീക്കറായി എ എൻ ഷംസീറിനെ ചുമതലപ്പെടുത്തിയതിൽ പരിഹാസവുമായി എംഎസ്എഫ് മുൻ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്ലിയ. ക്ലാസിൽ ഏറ്റവും കച്ചറ കളിക്കുന്ന ആളെ പിടിച്ചു ക്ലാസ് ലീഡറാക്കുന്ന അതേ തന്ത്രമാണ് നിയമസഭയിലും സിപിഐഎം പയറ്റിയത് എന്നാണ് ഫാത്തിമ തെഹ്ലിയയുടെ പരിഹാസം.

നിയുക്ത സ്പീക്കർ എ എൻ ഷംസീറിന് അഭിനന്ദനങ്ങൾ എന്നും പോസ്റ്റിൽ ഫാത്തിമ തെഹ്ലിയ കുറിച്ചു.സിപിഐഎം സെക്രട്ടറിയായി ചുമതലയേറ്റെടുത്തതോടെ എം വി ഗോവിന്ദൻ മന്ത്രി സ്ഥാനം രാജിവെച്ച ഒഴിവിലേക്ക് എം ബി രാജേഷിനേയും സ്പീക്കറായി എ എൻ ഷംസീറിനേയുമാണ് സംസ്ഥാന സെക്രട്ടറിയേറ്റ് ചുമതലപ്പെടുത്തിയത്.

അതേസമയം പാർട്ടി ഏൽപ്പിക്കുന്ന ചുമതല നിർവഹിക്കുമെന്ന് എഎൻ ഷംസീർ കൊച്ചിയിൽ പറഞ്ഞു. 'എനിക്ക് മുമ്പും രാഷ്ട്രീയ നേതൃത്വത്തിൽ പലരും നേരത്തെ സ്പീക്കർ ആയിട്ടുണ്ട്. ആ ഉത്തരവാദിത്തം കൃത്യമായി നിർവഹിക്കാൻ സാധിക്കുമെന്ന വിശ്വാസമുണ്ട്. സ്പീക്കർ പ്രവർത്തനവും രാഷ്ട്രീയ പ്രവർത്തനമാണ്.' എ എൻ ഷംസീർ പറഞ്ഞു.