കോതമംഗലം: തങ്കളം ഗ്രീൻവാലി സ്‌കൂളിൽ ഓണാഘോഷത്തിൽ പങ്കെടുത്ത നൂറിലേറെ വിദ്യാർത്ഥികളെ ശാരീരിക അസ്വസ്തകളെ ത്തുടർന്ന് ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ വെള്ളിയാഴ്‌ച്ച സ്‌കൂളിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ പങ്കെടുത്ത വിദ്യാർത്ഥികളാണ് ഛർദ്ദിയും പനിയും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളുമായി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുള്ളത്.

കുടിവെള്ളത്തിൽ നിന്നുള്ള അണുബാധയാണ് വിദ്യാർത്ഥികളുടെ ശാരീരിക അസ്വസ്തകൾക്ക് കാരണമായെതെന്നാണ് രക്ഷിതാക്കളുടെ പ്രധാന ആരോപണം. ഇന്ന് രാവിലെ രക്ഷിതാക്കളിൽ ഒരു വിഭാഗം സ്‌കൂളിൽ പ്രതിഷേധവുമായി എത്തിയിരുന്നു. തുടർന്ന് ഇവരിൽ ചിലർ മാധ്യമപ്രവർത്തകരുടെ സാന്നിദ്ധ്യത്തിൽ സ്‌കൂളിലെ വാട്ടർ ടാങ്ക് പരിശോധിച്ചതോടെ ഇതു സംബന്ധിച്ചുള്ള സംശയങ്ങളും വാദപ്രതിവാദവും ശക്തമായി.

പായൽ പറ്റിപ്പടിച്ച നിലയിലായ ടാങ്കിലെ വെള്ളത്തിന് നിറം മാറ്റവും ഉണ്ടായിരുന്നെന്നും രക്ഷിതാക്കൾ പറഞ്ഞു. ഇക്കാര്യം പലതവണ സ്‌കൂൾ അധികൃതരെ അറിയിച്ചെങ്കിലും അവഗണിക്കുകയായിരുന്നെന്നും അവർ കുറ്റപ്പെടുത്തി. മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരായ ഡോ. അശോക് കുമാർ, മനോജ്, വിനോദ് എന്നിവരുടെ നേതൃത്വത്തിൽ സ്‌കൂളിലെ ജലസ്രോതസുകൾ പരിശോധിച്ച്, സാമ്പിളുകൾ ശേഖരിച്ചു.

വെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് പരിശോധന ഫലം ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്നും ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മനോജ് പറഞ്ഞു. ഇപ്പോഴുണ്ടായ സംഭവത്തിൽ വേദനയുണ്ടന്നും തുടർനടപടികൾ സ്വീകരിക്കുമെന്നും ആശുപത്രിച്ചെലവുകൾ വഹിക്കാൻ തയ്യാറാണെന്നും സ്‌കൂൾ ഡയറക്ടർ പ്രദീപ് കുര്യാക്കോസ് പറഞ്ഞു.