തിരുവനന്തപുരം: ഒരുമാസം നീണ്ടു നിൽക്കുന്ന സയൻസിന്റെ ആഘോഷം, തോന്നക്കൽ ബയോ 360 ലൈഫ് സയൻസസ് പാർക്കിൽ നാളെ ആരംഭിക്കും. 25 ഏക്കർ വിസ്തൃതിയിൽ ആകെ രണ്ടര ലക്ഷം സ്‌ക്വയർ ഫീറ്റ് വരുന്ന 18 പവലിയനുകളിലായി 51 അതിശയക്കാഴ്ചകൾ ഒരുങ്ങിക്കഴിഞ്ഞു.

ഓരോ പവലിയനിലും നാം ഇതുവരെ സയൻസിലൂടെ മനസിലാക്കിയ അറിവുകളാണ് സന്ദർശകരെ കാത്തിരിക്കുന്നത്. ഉള്ളിൽ നിന്ന് ആസ്വദിക്കാനാകുന്ന പ്രപഞ്ചത്തിന്റെ മാതൃക, യുദ്ധം സൃഷ്ടിക്കുന്ന കെടുതികൾ, ബഹിരാകാശ നിലയത്തിൽ നിന്നുള്ള ഭൂമിയുടെ കാഴ്ച തുടങ്ങി എആർ, വിആർ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ അനുഭവവേദ്യമാകുന്ന അറിവുകളടങ്ങിയ പവലിയനുകളുണ്ട്.

ദിനോസറിന്റെ യഥാർഥ വലുപ്പത്തിലുള്ള അസ്ഥികൂട മാതൃകയും എച്ച്എംഎസ് ബീഗിൾ കപ്പലിന്റെ മാതൃകയും മ്യൂസിയം ഓഫ് ദ മൂണുമൊക്കെ സന്ദർശകർക്ക് വിജ്ഞാനവും വിനോദവും നൽകുന്നതായിരിക്കും. ബാംഗ്ലൂരിലെ വിശ്വേശ്വരയ്യ മ്യൂസിയത്തിന്റെ സഞ്ചരിക്കുന്ന എക്സിബിഷനായ സീഡ്സ് ഓഫ് കൾചർ അടക്കം കാഴ്ചകൾ വേറെയുമുണ്ട്. ലൈഫ് സയൻസ് എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള അറിവുകളുടെ ആഘോഷം കൂടിയാകും ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരള എന്നുറപ്പാണ്.

നാളെ വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും. ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാൽ അധ്യക്ഷനാകുന്ന ഉദ്ഘാടനച്ചടങ്ങിൽ നാസയിൽ നിന്നുള്ള ശാസ്ത്രജ്ഞ മധുലിക ഗുഹാത്തകുർത്ത മുഖ്യാതിഥിയാകും. ഉദ്ഘാടനച്ചടങ്ങിനു ശേഷം ഗായകൻ എംജി ശ്രീകുമാർ നയിക്കുന്ന സംഗീതപരിപാടി അരങ്ങേറും. ഫെസ്റ്റിവലിന്റെ ഭാഗമായുള്ള പ്രഭാഷണ പരിപാടികളും കലാ സാംസ്‌കാരിക പരിപാടികളും ചൊവ്വാഴ്ച ആരംഭിക്കും.പ്രഭാഷണ പരിപാടികളുടെ ഭാഗമായി ചൊവ്വാഴ്ച നടക്കുന്ന ഡോ കൃഷ്ണ വാര്യർ മെമോറിയൽ ലക്ചറിൽ നാസ ശാസ്ത്രജ്ഞ ഡോ മധുലിക ഗുഹാത്തകുർത്ത സംസാരിക്കും.

കലാ സാംസ്‌കാരിക പരിപാടികളിൽ ചലച്ചിത്ര താരം നവ്യാനായർ നൃത്തം അവതരിപ്പിക്കും. ഫെസ്റ്റിവലിലെ മറ്റൊരു പ്രധാന ആകർഷണമായ നൈറ്റ് സ്‌കൈ വാച്ചിങ് ആൻഡ് ടെൻഡിങ് ഈ മാസം 20നാണ് ആരംഭിക്കുക. മൂൻകൂട്ടി തീരുമാനിക്കപ്പെട്ട ദിവസങ്ങളിൽ മാത്രമാണ് നൈറ്റ് സ്‌കൈവാച്ചിങ് ആൻഡ് ടെന്റിങ് ഉണ്ടാകുക. ഫെസ്റ്റിവലിന്റെ ടിക്കറ്റ് വിൽപന ഓൺലൈനിൽ പുരോഗമിക്കുകയാണ്. ംംം.ഴളെസ.ീൃഴ എന്ന വെബ്സൈറ്റിലൂടെയാണ് ടിക്കറ്റുകൾ ബുക്ക് ചെയ്യേണ്ടത്.