മറയൂർ: മറയൂർ കോളനിയിൽ വീണ്ടും മോഷ്ടാക്കൾ വീടിനുള്ളിൽ കയറി സ്വർണ്ണമാല മോഷ്ടിച്ചു കടന്നു. പത്തടിപ്പാലത്ത് ശശികലയുടെ വീട്ടിൽ നിന്നുമാണ് എട്ടുമാസം ഗർഭിണിയായ മകൾ നിത്യയുടെ താലിമാല മോഷണം പോയത്. ചൊവ്വാഴ്ച അർദ്ധരാത്രി ഒരു മണിയോടെയാണ് സംഭവം. മാസങ്ങളായി പൂട്ടിക്കിടന്നിരുന്ന വീട്ടിൽ വാടകയ്ക്ക് താമസം തുടങ്ങിയിട്ട് നാല് ദിവസമേ ആകുന്നുള്ളൂ.

പുറകുവശത്ത് വാതിൽ തള്ളിത്തുറന്ന കയറിയ മോഷ്ടാവ് ശശികലയും നിത്യയും കിടന്ന മുറിയിൽ അലമാര തുറന്നാണ് മോഷ്ടിച്ചിരിക്കുന്നത്. ഈ സമയത്ത് ചെറിയ അനക്കം കേട്ടിരുന്നെങ്കിലും പ്രദേശത്ത് വീശിയടിച്ച കാറ്റിന്റെ ശബ്ദവും വൈദ്യുതി ഇല്ലാത്തതിനാൽ പെട്ടെന്ന് ഉണർന്നെങ്കിലും നോക്കാൻ കഴിഞ്ഞില്ല എന്ന് ശശികല പറയുന്നു.

പിന്നീട് നോക്കുമ്പോൾ ആരോ ചാടി ഓടുന്നത് കണ്ടത്. ഉടൻതന്നെ അലമാരയിൽ നോക്കിയപ്പോൾ മാല കാണുന്നില്ലായിരുന്നു. ഉടൻ തന്നെ പൊലീസിനെ വിവരം അറിയിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ച് പരിശോധന നടത്തി വരുകയാണ്. ഗർഭിണിയായതിനാൽ മാല ദേഹത്ത് കുത്തുമെന്നതിനാൽ ദിവസവും ഊരി വച്ചിട്ട് കിടക്കുന്നതാണ് പതിവ്. എന്നും ഇങ്ങനെ ഊരി അലമാരയിൽ വച്ച സ്വർണ്ണ മാലയാണ് മോഷണം പോയതെന്നും ശശികല പറഞ്ഞു.