തളിപ്പറമ്പ് :കണ്ണൂർ ജില്ലയിലെ ദേശീയപാതയോട് ചേർന്ന് ഗ്രാമഫോൺ രൂപത്തിൽ നിർമ്മിച്ച കിണർ നാളെ സ്ഥലം എംഎൽഎ എം വി ഗോവിന്ദൻ ജനങ്ങൾക്കായി സമർപ്പിക്കും. തളിപ്പറമ്പ് ജെസിഐ ഗോൾഡൻ ഡ്രീംസ് നിർമ്മിച്ച ഹൈവേ ഗ്രാമഫോൺ ആണ് നാളെ നാട്ടുകാർക്ക് സമർപ്പിക്കുക.

വഴിയിലൂടെ കടന്നുപോകുന്ന ഓരോ ആളുകളും ഇപ്പോൾ നിർത്തി ഗ്രാമഫോണിന്റെ സൗന്ദര്യം ആസ്വദിക്കുകയാണ്. എല്ലാവർക്കും കൗതുകമായി മാറിയിരിക്കുകയാണ് ദേശീയപാതയോട് ചേർന്ന് ഈ ഗ്രാമഫോൺ രൂപത്തിലുള്ള കിണർ. ഒരു കലർപ്പും ഇല്ലാത്ത ശുദ്ധമായ വെള്ളമാണ് കിണറ്റിൽ ഉള്ളത്.

തളിപ്പറമ്പ് നഗരസഭ നടത്തുന്ന നഗര സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് തളിപ്പറമ്പ് ദേശീയപാതയോട് ചേർന്ന് ഇത്തരത്തിൽ ഒരു നവീകരണ പ്രവർത്തി നടന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള പൊതു കിണറിനെ പുതു രൂപത്തിലേക്ക് മാറ്റുകയായിരുന്നു. നാലുലക്ഷം രൂപ ചിലവഴിച്ചാണ് കിണർ പുതുക്കി പണിതത്.

കോട്ടയം കുറുക്കച്ചാലിലെ ചിത്രകല ആട്ടിലെ അഖിലിന്റെ നേതൃത്വത്തിലാണ് കിണറിന് പുതു രൂപമാറ്റം നൽകിയത്. ഏറെ പണിപ്പെട്ടാണ് ഗ്രാമഫോണിന്റെ രൂപത്തിൽ കിണർ പുനർ നിർമ്മിച്ചിട്ടുള്ളത്. മുൻപുണ്ടായ കിണറിൽ നിന്ന് പ്ലാനിന് ഏറെ മാറ്റവും വരുത്തി.

അഖിലിനൊപ്പം നിരവധി കലാകാരൻ മാറും കിണറിന്റെ പുതുക്കി പണിയലിന് ഒപ്പമുണ്ടായിരുന്നു. രണ്ടുമാസത്തോളം സമയമാണ് പുതുക്കിപ്പണിക്കായി എടുത്തത്. റോഡ് അരികിൽ തകർച്ചയിൽ ആയിരുന്ന കിണർ ആർക്കും ഉപയോഗമില്ലാതെ കിടക്കുകയായിരുന്നു. അപകട ഭീഷണി വരെ ഉയർത്തിയ സാഹചര്യത്തിലായിരുന്നു കിണറിന് പുതുജീവൻ നൽകാൻ നഗരസഭ തീരുമാനമെടുത്തത്. വലിയ വലുപ്പത്തിൽ ആയിരുന്നു ദേശീയപാതയുടെ നടുവിലായി പുതുക്കിപ്പണിയുന്നതിന് മുൻപ് കിണർ സ്ഥിതി ചെയ്തിരുന്നത്.

ഈ കിണറിന്റെ അധിക വലിപ്പം യാത്ര ചെയ്യുന്ന വാഹനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഈ വലിപ്പം ചുരുക്കിയാണ് ഇപ്പോൾ പുതു രൂപം നൽകിയിരിക്കുന്നത്. പ്രദേശവാസികൾക്കും അടുത്തുള്ള കടയിൽ ജോലി ചെയ്യുന്നവർക്കും യഥേഷ്ടം വെള്ളം ഈ കിണറിൽ നിന്നും ഉപയോഗിക്കുവാൻ ആകും. 100 വർഷത്തോളം പഴക്കമുള്ള കിണർ ആണിത് എങ്കിലും ഇതുവരെ വെള്ളം വറ്റിയിട്ടില്ല എന്നാണ് നാട്ടുകാർ പറയുന്നത്. മാത്രമല്ല തളിപ്പറമ്പിന്റെ മാറ്റവും പഴമയും ചരിത്രവും കണ്ട കിണർ ആണ് ഇത്. പണ്ട് ബ്രിട്ടീഷ് ഭരണകാലത്തായിരുന്നു കിണറിന്റെ നിർമ്മാണം.

നാട്ടുകാർക്ക് പുറമേ വഴിയരികിൽ കൂടി പോകുന്ന കന്നുകാലികൾക്കും വെള്ളം നൽകുവാനുള്ള സൗകര്യം പ്രത്യേകം കിണറിനോട് ചേർന്ന് ഒരുക്കിയിട്ടുണ്ട്. ഇപ്പോൾ ഈ കിണറിന്റെ വലിപ്പം ചുരുക്കിയതിനാൽ വഴിയാത്രക്കാർക്ക് കടന്നുപോകാനായി യാത്രാസൗകര്യം ഏറിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രദേശത്ത് നിലനിന്നിരുന്ന കടുത്ത ബ്ലോക്കിനും ഇപ്പോൾ ശമനമുണ്ട്. സെക്രട്ടറി ജാഫർ ബദരിയ, ട്രഷറർ കെ പി നാസർ, സോനാ റഷീദ്, സുബൈർ സൂപ്പർവിഷൻ എന്നിവരുടെ മേൽനോട്ടത്തിലാണ് പ്രവർത്തി പൂർത്തീകരിച്ചത്.