തൃശൂർ: ക്ഷേത്ര ദർശനത്തിന് എത്തുന്ന ഭക്തർക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കാൻ ലക്ഷ്യമിട്ട് ക്യൂ കോംപ്ലക്സ് പണിയാൻ ഗുരുവായൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. 2500 പേർക്ക് ഒരേസമയം ഇരിക്കാൻ കഴിയുന്ന നിലയിൽ മൂന്ന് നിലയിലാണ് ക്യൂ കോംപ്ലക്സ് പണിയുക എന്ന് ഗുരുവായൂർ ദേവസ്വം ഭരണസമിതി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ക്ഷേത്രത്തിൽ ക്യൂ കോംപ്ലക്സ് പണിയുമെന്നത് ദീർഘകാലമായുള്ള വാഗ്ദാനമാണ്. ഇത് യാഥാർഥ്യമാക്കാനാണ് ദേവസ്വം തീരുമാനിച്ചത്. തെക്കേ നടയിലാണ് ക്യൂ കോംപ്ലക്സ് നിർമ്മിക്കുക. പണി ഉടൻ തന്നെ തുടങ്ങുമെന്നും ഭരണസമിതി അംഗങ്ങൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തിരുവോണാഘോഷത്തിന്റെ ഭാഗമായി ഉത്രാടം കാഴ്ചക്കുലവെപ്പ്, ഓണപ്പുടവ സമർപ്പണം, വിശേഷാൽ കാഴ്ച ശീവേലി എന്നി ചടങ്ങുകൾക്കായി ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ അറിയിച്ചു.പുലർച്ചെ നാലരയ്ക്കാണ് ഓണപ്പുടവ സമർപ്പണം. തിരുവോണത്തിന് പതിനായിരം പേർക്ക് വിശേഷാൽ പ്രസാദ ഊട്ട് നൽകും.

രാവിലെ പത്തിന് തുടങ്ങി രണ്ടുമണിക്ക് അവസാനിക്കും. രണ്ടുമണിവരെ മാത്രമേ പ്രസാദ ഊട്ടിനുള്ള വരിയിലേക്കുള്ള പ്രവേശനം അനുവദിക്കൂ. പ്രസാദ ഊട്ടിനും കാഴ്ച ശീവേലിക്കുമായി 19ലക്ഷം രൂപ വകയിരുത്തിയതായും ദേവസ്വം ബോർഡ് അറിയിച്ചു.