തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഇതുപോലെ ഒരു റിപ്പോര്‍ട്ട് പുറത്തുവിടാതെ നാലര വര്‍ഷക്കാലം സര്‍ക്കാര്‍ അതിനുമേല്‍ അടയിരുന്നത് ആരെ രക്ഷിക്കാനാണെന്നും വി.ഡി. സതീശന്‍ ചോദിച്ചു.

സ്ത്രീപക്ഷ വര്‍ത്തമാനം മാത്രം പറയുന്ന ആളുകള്‍ അധികാരത്തിലിരിക്കുമ്പോള്‍ ഇത്രമാത്രം വലിയ സ്ത്രീവിരുദ്ധത നടന്നിട്ട് അതുസംബന്ധിച്ച് ഒരു നടപടിയും സ്വീകരിച്ചില്ല. റിപ്പോര്‍ട്ട് പുറത്തുവിടാതിരുന്നത് ആരെ രക്ഷിക്കാനാണ്? ആര്‍ക്കുവേണ്ടിയാണ് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.

റിപ്പോര്‍ട്ടിലെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ നടപടി ഉണ്ടാകണം. സിനിമാ മേഖലയിലെ ലൈംഗിക ചൂഷണത്തിനും ക്രിമിനല്‍ വത്കരണത്തിനും ലഹരി ഉപയോഗങ്ങള്‍ക്കുമെതിരായ അന്വേഷണം നടക്കണം. ലൈംഗിക ചൂഷണം സംബന്ധിച്ച പരാതികള്‍ മുതിര്‍ന്ന വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ സംഘത്തെ വെച്ച് അന്വേഷിക്കണം. ലൈംഗിക ചൂഷണം നടത്തിയത് എത്ര വലിയ ഉന്നതനായാലും നിയമത്തിന്റെ മുമ്പില്‍ കൊണ്ടും വരേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണ്. പോക്‌സോ കേസ് അടക്കം എടുക്കാനുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉണ്ട്. കുറ്റക്കാര്‍ക്കെതിരേ അടിയന്തരമായി നടപടി എടുക്കണം. ഏത് തൊഴില്‍ മേഖലയിലും ഇത്തരത്തില്‍ ചൂഷണം നടക്കാന്‍ പാടില്ല- വി.ഡി. സതീശന്‍ പറഞ്ഞു.